ഏതുനിമിഷവും കടിയേൽക്കാമെന്ന ആശങ്കയിൽ യാത്രക്കാർ
റെയിൽവേ സ്‌റ്റേഷനും തെരുവുനായ ഭീഷണിയിൽ

ആലപ്പുഴ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ കയറിയ തെരുവുനായകൾ
സ്വന്തംലേഖകൻ
Published on May 11, 2026, 12:41 AM | 1 min read
ആലപ്പുഴ
നഗരത്തിന് പുറമേ തെരുവുനായശല്യത്തിൽ വലഞ്ഞ് ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാരും. പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടെ തെരുവുനായകൾ ഇടംപിടിച്ചതോടെ ഏതുനിമിഷവും കടിയേൽക്കാമെന്ന ആശങ്കയിലാണ് സ്‌റ്റേഷനിലെത്തുന്ന വിദേശ വിനോദസഞ്ചാരികളടക്കമുള്ള യാത്രക്കാർ. പത്തിലധികം നായകൾ വിലസുന്ന സ്‌റ്റേഷനിലെത്തുന്ന ആര്‍ക്കും ഏതുനിമിഷവും കടിയേല്‍ക്കാമെന്ന സ്ഥിതിയാണ്. എട്ടുമാസത്തിനിടെ നായ്‌ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത് 35 ഓളം പേർക്കാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്റ്, ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ എസ്‌കലേറ്റർ എന്നിവിടങ്ങളാണ് നായകളുടെ താവളം. പ്ലാറ്റ്‌ഫോമിലേക്കെത്തുന്ന യാത്രക്കാർക്കും ട്രെയിനിനുംനേരെ നായക്കൂട്ടം പാഞ്ഞടുക്കുന്നുണ്ട്. പ്ലാറ്റ്‌ഫോമിലും വിശ്രമമുറികളിലും ടിക്കറ്റ് കൗണ്ടറിലുമടക്കം ശല്യമുണ്ട്. ട്രെയിനുകളുടെ ഹോണും നായകളെ ആക്രമണകാരികളാക്കുന്നുവെന്ന് സ്ഥിരംയാത്രക്കാർ പറയുന്നു. പ്ലാറ്റ്ഫോമിലേക്ക് അടുക്കുമ്പോൾ ട്രെയിനിനൊപ്പം നായകൾ കുരച്ചോടുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകും. ഇവയുടെ ആക്രമണം ഭയന്നാണ് ജീവനക്കാരും ഓരോ ദിവസവും ജോലിക്കെത്തുന്നത്. ട്രെയിൻ കാത്തിരിക്കുമ്പോള്‍ ബെഞ്ചിനടിയിലൂടെ വന്ന് കടിച്ചിട്ടുമുണ്ട്. കഴിഞ്ഞയാഴ്‌ച എറണാകുളം-–കായംകുളം പാസഞ്ചറിലെ വനിതാ കമ്പാർട്ടുമെന്റിൽ തെരുവുനായ കയറിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽനിന്ന് ടെയിനിൽ കയറിയ നായയെ കലവൂർ റെയിൽവേ സ്‌റ്റേഷൻ എത്തിയപ്പോൾ യാത്രക്കാർ ഓടിച്ചുവിടുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. ട്രെയിനിൽ തെരുവുനായ കയറിക്കൂടിയത് യാത്രക്കാരുടെ സുരക്ഷയ്‌ക്ക് കനത്ത ഭീഷണിയാണ് ഉയർത്തിയത്. സ്‌റ്റേഷനിൽ നായയുടെ കടിയേറ്റാലും പരാതി നല്‍കാമെന്നല്ലാതെ പ്രയോജനമില്ലെന്നും യാത്രക്കാർ പറയുന്നു.










0 comments