സമരവീര്യത്തിന്റെ നേരവകാശി

കെ വി പത്രോസ്

സ്വന്തം ലേഖകൻ
Published on Oct 03, 2025, 01:48 AM | 1 min read
തൃശൂർ
സ്വാതന്ത്ര്യസമരത്തീച്ചുളയിൽ നടന്ന പുന്നപ്ര വയലാർ സമര കാലത്ത് വാരിക്കുന്തം കൊണ്ട് തോക്കിനെ നേരിടാൻ തൊഴിലാളികളെ പരിശീലിപ്പിച്ച കെ വി പത്രോസിന്റെ ചെറുമകൻ ഡിവൈഎഫ്‌ഐയുടെ തൃശൂർ ജില്ലാ സെക്രട്ടറി. യുവജനതയുടെ ജീവൽ പ്രശ്നങ്ങളുയർത്തിയ സമരമുഖങ്ങളിൽ ഇനി പുന്നപ്രവയലാർ സമരവീര്യത്തിന്റെ പരന്പരയുടെ ജ്വാല തെളിയും. കയർഫാക്ടറി തൊഴിലാളിയായി തുടങ്ങി, കമ്യൂണിസ്‌റ്റ് പാർടിയുടെ തിരുവതാംകൂർ സ്‌റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായി കെ വി പത്രോസ് ഉയർന്നു. സാമ്രാജ്യത്വത്തിനെതിരായി നടന്ന പുന്നപ്ര വയലാർ സമരത്തിന്റെ പ്രധാന ചുമതലക്കാരനായിരുന്നു. പാർടി ക്യാന്പുകളിൽ വാരിക്കുന്തം പരിശീലിപ്പിച്ച് തൊഴിലാളികൾക്ക് ധൈര്യം പകർന്നു. അതുകൊണ്ട് കുന്തക്കാരൻ പത്രോസ് എന്ന പേരിൽ അറിയപ്പെട്ടു. പി കൃഷ്‌ണപിള്ളയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കൃഷ്‌ണപിള്ള, എ കെ ജി, ഇ എം എസ് തുടങ്ങി കമ്യുണിസ്‌റ്റ് നേതാക്കൾ ആലപ്പുഴയിൽ എത്തിയാൽ പത്രോസിനെ കാട്ടുങ്കൽ കുടിലിൽ എത്തും. പത്രോസിന്റെ അമ്മ അന്ന അവർക്ക് ഭക്ഷണം നൽകുമായിരുന്നു. കെ വി പത്രോസിന്റെ മകൻ പരേതനായ അഡ്വ. സെൽവരാജിന്റെയും റോസക്കുട്ടിയുടെയും മകനാണ് റോസൽ രാജ്. സ്വാതന്ത്ര്യസമര സേനാനികൾക്ക് സർക്കാർ ഭൂമി അനുവദിച്ചതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ കല്ലൂരിൽ ഭൂമി അനുവദിച്ചതോടെ കുടുംബം ഇവിടെ താമസമാക്കി. റോസൽ രാജ് ബിഎസ്‌സി ഫിസിക്‌സ് ബിരുദധാരിയാണ്. നിലവിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്. ഡിവൈഎഫ്‌ഐ ഹൃദയപൂർവം ഭക്ഷണവിതരണത്തിന്റെ ജില്ലാ കോ–ഓർഡിനേറ്ററാണ്. സിപിഐ എം ഒല്ലൂർ ഏരിയാകമ്മിറ്റി അംഗവും കല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. തൃശൂർ സെന്റ് തോമസ് കോളേജ് ചെയർമാനായിരുന്നു. ഭാര്യ അഡ്വ. സോന കരീം മഹിളാ അസോസിയേഷന്റെയും ലോയേഴ്‌സ് യൂണിയന്റെയും ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. മകൾ: ഫറാഷ റോസ.









0 comments