ജനങ്ങളെ കമ്യൂണിസ്റ്റ് വിരുദ്ധരാക്കാൻ ശ്രമം: പി പ്രസാദ്

വയലാർ
കോൺഗ്രസും ബിജെപിയും വർഗീയതയുടെ വേലിയേറ്റങ്ങളുണ്ടാക്കി ആളുകളെ കമ്യൂണിസ്‌റ്റ് വിരുദ്ധരാക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നപ്ര–വയലാർ സമരത്തിന്റെ 79–ാം വാർഷികവാരാചരണത്തിന്റെ ഭാഗമായി വയലാറിൽ പതാകഉയർത്തലിന് ശേഷം ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്ത്രവിദഗ്‌ധൻമാർ നൽകുന്ന അജണ്ടകൾ വർത്തമാനപ്പത്രങ്ങളിൽ വരുത്തുന്നു. മാധ്യമങ്ങളെ വിലയ്ക്കും വാടകയ്ക്കുമെടുത്ത് കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അങ്ങേയറ്റത്തേക്ക് നാടിനെ എത്തിക്കാനാണ് ശ്രമം. ശബരിമല ആയുധമാക്കാൻ സാധിക്കുമോ എന്ന് ഗവേഷണം നടത്തി വിശ്വാസസംരക്ഷണ യാത്ര നടത്തുന്നു. വിശ്വാസസംരക്ഷണത്തിനായും ക്ഷേത്ര പ്രവേശനത്തിനായും കമ്യൂണിസ്‌റ്റുകാർ നിന്നിട്ടുണ്ട്. ശബരിമലയിൽ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം നടപ്പാക്കാൻ മുൻകെൈയെടുത്തത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ്. പുന്നപ്ര വയലാർ സമര പോരാളി പി കെ ചന്ദ്രാനന്ദൻ ദേവസ്വം ബോർഡ് അംഗമായിരുന്ന കാലത്ത് ആലപ്പുഴയിൽനിന്നടക്കം തൊഴിലാളികളെ കൊണ്ടുപോയാണ് ശബരിമലയിലേക്ക് റോഡ് വെട്ടിയത്. വൈദ്യുതി മന്ത്രിയായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ നേതൃത്വത്തിലാണ് ശബരിമലയിൽ വൈദ്യുതിയെത്തിയത്. കമ്യൂണിസ്റ്റുകാർ ഭരിച്ചപ്പോഴെല്ലാം വൻനേട്ടങ്ങൾ ജനങ്ങൾക്കുണ്ടായി. അഞ്ചുലക്ഷം വീട് പൂർത്തിയായതും 77,995 കോടി രൂപ ഒമ്പതര വർഷത്തിനിടെ സാമൂഹ്യക്ഷേമ പെൻഷൻ വഴി വീടുകളിലെത്തിയതും സാധാരണക്കാരനെ ചേർത്തുപിടിച്ചതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.










0 comments