ചേർത്തലയിൽ 11.7 കോടിയുടെ പദ്ധതി വെട്ടി


സ്വന്തം ലേഖകൻ
Published on Jun 20, 2026, 12:32 AM | 1 min read
ചേർത്തല
എൽഡിഎഫ് സർക്കാർ കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച കോടികളുടെ പദ്ധതികൾ പുതുക്കിയ ബജറ്റിൽ യുഡിഎഫ് സർക്കാർ വെട്ടിക്കുറച്ചു. പുതിയ പദ്ധതികൾ അനുവദിച്ചതുമില്ല. ചേർത്തലയുടെ വികസനക്കുതിപ്പ് തടയാൻ രാഷ്‌ട്രീയ പകപോക്കലാണിതെന്ന് പി പ്രസാദ് എംഎൽഎ.
2026 ഫെബ്രുവരിയിലെ ബജറ്റിൽ എൽഡിഎഫ് സർക്കാർ 26.20 കോടിയുടെ പദ്ധതികളാണ് അനുവദിച്ചത്. പുതിയ ബജറ്റിൽ 14.50 കോടിയുടേതായി കുറഞ്ഞു. ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് ഭരണാനുമതി ലഭിച്ച മൂന്ന് പ്രധാന പദ്ധതികളാണ് റദ്ദാക്കിയത്. ചേർത്തല സെന്റ് മേരീസ് പാലം– -ആഞ്ഞിലിപ്പാലം റോഡ് നിർമാണം (മൂന്ന് കോടി), ചേർത്തല തെക്കേത്തെരുവ്–തിരുവിഴ കിഴക്കേനട റോഡ് പുനർനിർമാണം (6.7 കോടി), ഒറ്റപ്പുന്ന–കുറുപ്പൻകുളങ്ങര റോഡ് പുനർനിർമാണം(രണ്ടുകോടി) എന്നിവയുടെ ഭരണാനുമതിയാണ് റദ്ദാക്കിയത്.
ദേശീയപാത പൂർത്തിയാകുന്നതോടെ തടസപ്പെടുന്ന റോഡുകൾക്ക് ബദലായി വികസിപ്പിക്കാൻ ഉദ്ദേശിച്ച പദ്ധതികൾക്കാണ് വിലങ്ങുവീഴുന്നത്. ഇതോടെ ചേർത്തല നഗരത്തെ തീരപ്രദേശവുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് പദ്ധതികൾ തടസപ്പെടും.
മുൻ സർക്കാർ അനുവദിച്ച പദ്ധതികൾ പുതിയ സർക്കാർ ഒഴിവാക്കുന്നത് ഇതാദ്യമാണെന്ന് പി പ്രസാദ് എംഎൽഎ പറഞ്ഞു. ചേർത്തലയുടെ ഭാവി വികസനത്തെ തളർത്തുന്ന നിലപാടിൽനിന്ന് സർക്കാർ പിൻമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലനിർത്തിയ പദ്ധതികൾ
ചേർത്തല പൂത്തോട്ട–നെടുമ്പ്രക്കാട് റോഡ് പുനർനിർമാണം(3.5 കോടി), കഞ്ഞിക്കുഴി കൂറ്റുവേലി ജങ്‌ഷൻ–കളത്തിവീട് ജംഗ്ഷൻ റോഡ് പുനർനിർമാണം(4.5 കോടി), വയലാർ ഒളതല– കാവിൽ–വളമംഗലം റോഡ്(രണ്ട് കോടി), പട്ടണക്കാട് പുതിയകാവ്–കോനാശേരി റോഡ് പുനർനിർമാണം(1.5 കോടി), കളവങ്കോടം ശക്തീശ്വര ക്ഷേത്രത്തിൽ ആർട്ട് ഗാലറി, ഹാൾ നിർമാണം(ഒരുകോടി), പട്ടണക്കാട് കോനാട്ടുശേരി ഗവ. എൽപി സ്‌കൂൾ കെട്ടിടനിർമാണം (രണ്ടുകോടി).










0 comments