ad
Deshabhimani

ദുരന്തമുഖത്ത്‌ ചുമട്ടുതൊഴിലാളികൾ ഇനി കാവൽസേന

ആലപ്പുഴ ജില്ലാ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) റെഡ് ബ്രിഗേഡ് രൂപീകരണ  കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി  ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 01, 2025, 01:22 AM | 1 min read

മാരാരിക്കുളം

ദുരന്തമുഖങ്ങളിൽ മുന്നിട്ടിറങ്ങാൻ ശാസ്ത്രീയ പരിശീലനം ലഭിച്ച ചുമട്ടുതൊഴിലാളികളുടെ 500 അംഗ റെഡ് ബ്രിഗേഡ് പുതുവർഷദിനത്തിൽ ജില്ലയിൽ നിലവിൽ വരും. ചുമട്ടുതൊഴിലാളികളുടെ സംഘശക്തി ഇനി ആതുര സേവന – സന്നദ്ധ പ്രവർത്തന സേനയായി മാറ്റുന്നത് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സിഐടിയുവാണ്. ജില്ലയിലെ 15 ഏരിയകളിൽ നിന്നും തെരഞ്ഞെടുത്ത റെഡ് ബ്രിഗേഡുകൾക്ക് ആദ്യഘട്ടം പരിശീലനം നൽകി രംഗത്തിറക്കും. പ്രകൃതി ദുരന്തങ്ങൾ, റോഡപകടങ്ങൾ, തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയയിടങ്ങളിൽ ഇവരുടെ സേവനം ലഭിക്കും. ഡോക്ടർമാർ, പൊലീസ്, എക്സൈസ്, അഗ്നിരക്ഷാ സേന എന്നിവർ ഇവർക്ക് പരിശീലനം നൽകും. ​പരിശീലനം ലഭിച്ചവർക്ക് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നൽകും. കറുത്ത പാന്റ്സ്, നീല ഷർട്ട്, ഷർട്ടിനുമേൽ റിബൺ പോലെ റിഫ്ലക്ടറുള്ള ചുവന്ന കോട്ട്, ചുവന്ന ഹെൽമെറ്റ് എന്നിവയാണ് ധരിക്കുക. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മാത്രമാണ് യൂണിഫോം ധരിക്കുക. തൊഴിലിടങ്ങളിൽ പണിയെടുക്കുന്നതിനൊപ്പമാണ് ജനങ്ങൾക്ക് കരുതലും കാവലാളുമായി ചുമട്ടുതൊഴിലാളികൾ മാറുക– സേനയുടെ സബ് കമ്മിറ്റി കൺവീനർ വി ടി രാജേഷ് പ്രവർത്തനം വിശദീകരിച്ചു ​ആര്യാട് പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ ചേർന്ന ബ്രിഗേഡ് രൂപീകരണ കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കോശി അലക്സ് അധ്യക്ഷനായി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം നാടിന്റെ കാവൽ സേനയായി തങ്ങൾ ഉണ്ടാകുമെന്ന് ബ്രിഗേഡ് അംഗങ്ങൾ പ്രതിജ്ഞയെടുത്തു. ജില്ലാ പ്രസിഡന്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. അരുൺ, റിട്ട. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജഹാൻ എന്നിവർ ക്ലാസെടുത്തു. സിപിഐ എം ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, യൂണിയൻ നേതാക്കളായ എസ് രമേശൻ, എം കെ മനോജ്‌, കെ അജയൻ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി വി ബി അശോകൻ സ്വാഗതവും മാരാരിക്കുളം ഏരിയ സെക്രട്ടറി കെ പി ഉല്ലാസ് നന്ദിയും പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home