ചെന്നിത്തലയിലെ വീടുകളിൽ മോഷണം; പ്രതികളെ പിടികൂടാനാകാതെ പൊലീസ്

മാന്നാർ
ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ പെരുകിയിട്ടും മോഷ്‌ടാക്കളെ പിടികൂടാതെ പൊലീസ്. ആൾതാമസമില്ലാതെ പൂട്ടിയിട്ട അഞ്ച് വീടുകളിലാണ് 10 മാസത്തിനിടെ മോഷണം നടന്നത്. ഒരുവീട്ടിൽ മോഷണം നടത്തിയ പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാനായത്. അതും മറ്റൊരു കേസിൽ പിടികൂടപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെയാണ് അറസ്‌റ്റ്. ചെന്നിത്തല കിഴക്കേവഴി ആൾത്താമസമില്ലാതിരുന്ന ബംഗളൂരുവിൽ അധ്യാപികയായ കുളപ്പുറത്ത് സിന്ധുവിന്റെ വീട്ടിൽനിന്ന് ഉരുളി, വാർപ്പ്, നിലവിളക്കുകൾ ഉൾപ്പെടെ നാലുലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കഴിഞ്ഞ ദിവസമാണ് മോഷണം പോയത്. അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴയിൽനിന്ന് എത്തിയ വിരലടയാളവിദഗ്ധർ വെള്ളിയാഴ്‌ച മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തി. സയന്റിഫിക് ഓഫീസർ ഹരി പ്രശാന്ത്, വിരലടയാള വിദഗ്‌ധ പ്രതിഭ, ഫോട്ടോഗ്രാഫർ രണദീപ്, ഉദ്യോഗസ്ഥരായ ഹരി, റെജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മാന്നാർ എസ്എച്ച്ഒ കെ അജിത്ത്, എസ്ഐമാരായ ഉദയകുമാർ, മുഹമ്മദ് അക്ബർ, എഎസ്ഐ സുനിൽകുമാർ, സീനിയർ സിപിഒ കൃഷ്‌ണകുമാർ എന്നിവരുൾപ്പെട്ട അന്വേഷകസംഘവും സ്ഥലത്തെത്തി. കുടുംബസമേതം മുംബൈയിൽ താമസിക്കുന്ന 16–-ാം വാര്‍ഡില്‍ തൃപ്പെരുന്തുറ വെമ്പുഴശേരില്‍ ഉഷസിൽ ഉഷയുടെ വീട്ടിൽ മോഷണം നടന്നത് ഒരുമാസം മുമ്പാണ്. ഓട്ടുരുളികൾ, ചെമ്പ് കുട്ടകം, വിവിധ വലിപ്പത്തിലുള്ള ഓട്ടുവിളക്കുകൾ, ചെമ്പ് കലങ്ങൾ തുടങ്ങി വിലപിടിപ്പുള്ള നിരവധി ഗൃഹോപകരണങ്ങളായിരുന്നു ഇവിടെനിന്ന് മോഷണം പോയിരുന്നത്. അഞ്ചാം വാർഡ് പണിക്കരോടത്ത് ജങ്ഷന് കിഴക്കുള്ള വലിയവീട്ടിൽ ഷാരോൺ വില്ലയിൽ വി ഒ ജോസിന്റെ വീട്ടിൽ ഒമ്പതുമാസം മുമ്പാണ് മോഷണം നടന്നത്. ആളില്ലാത്ത വീടിന്റെ കതകുകളും അലമാരകളും കുത്തിത്തുറന്ന് 25 പവനോളം സ്വർണാഭരണങ്ങൾ, സ്വർണ കോയിൻ, ഐ പാഡ്, ലാപ്ടോപ്പ്, വാച്ച് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളും, 30,000 രൂപ നിരക്ക് വരുന്ന 25 യുകെ പൗണ്ട് എന്നിവയാണ് മോഷ്‌ടാക്കൾ കവർന്നത്. ഈ കേസിലെ പ്രതികളായ ശൂരനാട് ചക്കുവളളി പരപ്പാടി പുത്തൻവീട്ടിൽ സന്തോഷ്‌കുമാർ (44), ചവറ ശങ്കരമംഗലം പള്ളത്ത് പടീറ്റേതിൽ ചില്ല് ശ്രീകുമാർ എന്ന വിളിപ്പേരുള്ള ശ്രീകുമാർ (36) എന്നിവരെ ആഗസ്‌തിൽ മാന്നാർ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. മറ്റൊരു കേസിൽ പ്രതികളിൽ ഒരാൾ അറസ്‌റ്റിൽ ആയതിനെത്തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ ചെന്നിത്തലയിലെ മോഷണവിവരം മനസിലാക്കിയതിനെ തുടർന്നായിരുന്നു അറസ്‌റ്റ്. പട്രോളിങ് ശക്തമാക്കണം ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങൾ ചെന്നിത്തലയിൽ പതിവായതോടെ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിയുടെ ജന്മനാടായ ചെന്നിത്തലയിൽ പൊലീസ് ഔട്ട് പോസ്‌റ്റ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി. നേരത്തെ കോട്ടമുറിയിൽ പൊലീസ് ഔട്ട് പോസ്‌റ്റ് സ്ഥാപിച്ചെങ്കിലും പിന്നീട് പൂട്ടി.






0 comments