ad
Deshabhimani

കേരള ഫയർഫോഴ്‌സിനും നാട്ടുകാർക്കും നന്ദി

ആലപ്പുഴ
avatar
സ്വന്തംലേഖകൻ

Published on Apr 25, 2026, 01:36 AM | 1 min read

ആലപ്പുഴ

‘കേരള ഫയർ ഫോഴ്‌സിനും ഇവിടത്തെ നാട്ടുകാർക്കും മണവാളൻ ആൻഡ്‌ സൺസിന്റെയും എന്റെ വ്യക്തിപരമായ പേരിലും നന്ദി അറിയിക്കുന്നു’. പുലിവാൽ കല്യാണം എന്ന സിനിമയിലെ മണവാളൻ എന്ന കഥാപാത്രത്തിന്റെ ഡയലോഗാണ്‌ വെള്ളിയാഴ്‌ച രാവിലെ പറവൂരുകാരുടെ മനസ്സിൽ ഓടിയെത്തിയത്ത്‌. ഒരു രാത്രി മുഴുവൻ മുൾമുനയിലാക്കിയ വ്യക്തിയെ ജീവനോടെ കണ്ടതിന്റെ സന്തോഷത്തിനൊപ്പം ചിരിയും നാട്ടുകാരിലും പൊലീസിലും പടർന്നു. നാടകം കാണാനെത്തിയയാൾ ആറ്റിൽ വീണെന്ന സംശയത്തിലാണ്‌ അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും വ്യാഴാഴ്‌ച പൂക്കൈതയാറിൽ തിരച്ചിൽ നടത്തിയത്‌. ആറ്റിൽ വീണ്‌ കാണാതായെന്ന്‌ കരുതിയയാൾ വെള്ളി ദിവസം പൊലീസിനെ കണ്ട്‌ തനിക്കൊന്നും പറ്റിയിട്ടില്ലെന്നറിയിച്ചതോടെയാണ്‌ മണിക്കൂറുകർ നീണ്ട ആശങ്കയും അഭ്യ‍ൂഹവും അവസാനിച്ചത്‌. വ്യാഴം രാത്രി 11ന്‌ ആയിരുന്നു സംഭവം. പറവൂർ കിഴക്ക് വലിയതറ ക്ഷേത്രത്തിൽ മാടൻ മോക്ഷം എന്ന നാടകം കാണാൻ എത്തിയ കൈനകരി സ്വദേശിയുടെ വള്ളം പൂക്കൈതയാറിൽ മറിഞ്ഞു കിടക്കുന്നതു കണ്ടതാണ്‌ നാട്ടുകാരിൽ ആശങ്കയുണർത്തിയത്‌. 
 ആളെ അന്വേഷിച്ചിട്ടും കാണാതായതോടെ നാട്ടുകാർ അഗ്‌നിരക്ഷാസേനയിലും പുന്നപ്ര പൊലീസിലും അറിയിച്ചു. ആലപ്പുഴ അഗ്‌നിരക്ഷാ യൂണിറ്റിൽ നിന്നും സ്‌കൂബാ ടീം ഉൾപ്പെടെയുള്ളവർ എത്തി തിരച്ചിൽ നടത്തി. മണിക്കൂറിലധികം തിരഞ്ഞ ശേഷം അഗ്‌നിരക്ഷാ സേന മടങ്ങിയെങ്കിലും പുന്നപ്ര പൊലീസ്‌ പരിസര പ്രദേശങ്ങളിൽ രാത്രി വൈകിയും തിരഞ്ഞു. ആറ്റിൽ വീണെന്ന്‌ കരുതിയയാൾ നാടകത്തിനിടയിൽ ദൂരെ സ്ഥലത്ത്‌ വിശ്രമിക്കാൻ പോകുകയും അവിടെ മയങ്ങുകയുമാണുണ്ടായത്‌. വെള്ളി രാവിലെ ഉറക്കമെഴുന്നേറ്റപ്പോൾ നാട്ടുകാർ തലേ ദിവസം നടന്ന സംഭവങ്ങൾ അറിയിച്ചതോടെ നേരെ പുന്നപ്ര പൊലീസിനെ കണ്ട്‌ തനിക്കൊന്നും പറ്റിയില്ലെന്ന്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home