Deshabhimani

ശാസ്‌ത്രതത്വങ്ങളിലെ രാഷ്ട്രീയം 
പഠിപ്പിച്ചത്‌ പി ജി: സുനിൽ പി ഇളയിടം

sunil
വെബ് ഡെസ്ക്

Published on Nov 08, 2026, 02:24 AM | 1 min read

മാവേലിക്കര

ശാസ്ത്രതത്വങ്ങളിൽ രാഷ്ട്രീയം അടങ്ങിയിരിക്കുന്നത് എങ്ങനെയെന്ന് കേരളത്തെ പഠിപ്പിച്ചത്‌ പി ഗോവിന്ദപ്പിള്ളയെന്ന്‌ ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. പുരോഗമന കലസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി മാവേലിക്കരയിൽ സംഘടിപ്പിച്ച പി ജി ജന്മദിന ശതാബ്‌ദി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "മാർക്സിസ്റ്റ് സൗന്ദര്യ ശാസ്ത്രം’ എന്ന ഗ്രന്ഥത്തിലൂടെ മാർക്സിസത്തിന്റെ ബഹുത്വത്തെയാണ്‌ അദ്ദേഹം അഭിസംബോധന ചെയ്തത്‌. ഭൂപടം ഒരു രാഷ്ട്രീയ സാമഗ്രിയാണെന്ന് അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്. പുരാണങ്ങളുടെയും മതഗ്രന്ഥങ്ങളുടെയും ഇതിഹാസങ്ങളുടെയും നിർമാണം രാഷ്ട്രീയ സാംസ്കാരിക ചരിത്രം കൂടിയാണ്. കേസരി ബാലകൃഷ്ണപിള്ളയുടെയും എൻ വി കൃഷ്ണവാര്യരുടെയും തുടർച്ചയാണ് പി ജി. കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിൽ ഇഎംഎസ്, കെ ദാമോദരൻ എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ സംഭാവനയും പകരം വയ്ക്കാനാവാത്തതാണ്. വൈജ്ഞാനിക, മാർക്സിസ്‌റ്റ്‌ ചിന്തകളിൽ ഒരുപോലെ ഉൾപ്പെട്ട വ്യക്‌തിയാണ്പി ജി. മാർക്സിസ്റ്റ്‌ ചിന്താഗതികളെ ഏത് ഘടകത്തിൽ ഊന്നിയാണോ വികസിപ്പിക്കേണ്ടത്, അത്തരം ഘടകങ്ങളെ കേരളത്തിന്റെ രാഷ്ട്രീയചിന്താഗതികളുമായി കൂട്ടിച്ചേർക്കാൻ വർഷങ്ങൾക്ക് മുമ്പേ അദ്ദേഹം പരിശ്രമിച്ചു. ഒരേസമയം ശാസ്ത്രത്തിലും അന്ധവിശ്വാസത്തിലും ഇടപെടുന്ന രീതികൾക്കെതിരെ അദ്ദേഹം യുദ്ധംചെയ്തു. നവോത്ഥാനത്തിലെ വൈരുധ്യം കണ്ടെത്താനും അവ പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. സംരംഭകത്വത്തെ നവോത്ഥാന ചരിത്രമാക്കുന്ന സമീപനവും അദ്ദേഹം കൊണ്ടുവന്നതാണ്– സുനിൽ പി ഇളയിടം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home