രാവുറങ്ങാതെ പെരുന്പളം

പെരുമ്പളം പാലം ഉദ്‌ഘാടനത്തോടനുബന്ധിച്ച് വെള്ളി വൈകിട്ട് പാലത്തിന് സമീപത്തെ വേദിയിൽ ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ സോപാന സംഗീതം അവതരിപ്പിക്കുന്നു

സ്വന്തം ലേഖകൻ
Published on Mar 07, 2026, 12:50 AM | 1 min read
പെരുന്പളം
നാടിനെ മറുകരയുമായി ബന്ധിപ്പിക്കുന്ന പാലം സംസ്ഥാന സർക്കാർ 106 കോടി ചെലവിൽ നിർമിച്ച് നാടിന് സമർപ്പിക്കുന്നത് ഉത്സവമാക്കുന്ന പെരുന്പളത്തുകാർക്ക് പിന്നിട്ട ദിവസങ്ങൾ ഉറക്കമില്ലാത്ത ആഘോഷരാവ്. മുഖ്യമന്ത്രി പിണറായി പാലം നാടിന് സമർപ്പിക്കുന്ന ചടങ്ങിനൊരുക്കിയ വേദി വെള്ളി വൈകിട്ട് അങ്കണവാടി കുട്ടികളുടെ കലാപരിപാടിയോടെയാണ് ഉണർന്നത്. തുടർന്ന് നാൽപ്പത്തെണ്ണീശ്വരം തിരുവാതിരസംഘം തിരുവാതിര അവതരിപ്പിച്ചു.
ലോക റെക്കോഡ് ജേതാവ് ഏലൂർ ബിജുവിന്റെ നേതൃത്വത്തിൽ സോപാനസംഗീതം അവതരിപ്പിച്ചു. പിന്നാലെ ഏകവീര കളരിപ്പയറ്റ് സംഘം കളരിപ്പയറ്റ് അവതരിപ്പിച്ചു. പ്രശസ്‌ത ഗായകൻ അലോഷിയുടെ പാട്ടോടെയാണ് കലാവിരുന്ന് രാവേറെ വൈകി അവസാനിച്ചത്. ആയിരങ്ങളാണ് ആസ്വാദാനത്തിന് കൂറ്റൻ പന്തലിലും പുറത്തും നിറഞ്ഞത്.
ബ്രിഡ്‌ജ് മാരത്തൺ ഇന്ന്
ശനി രാവിലെ 6.30ന് ബ്രിഡ്‌ജ് മാരത്തൺ നടക്കും. ലഹരിമുക്ത പെരുന്പളത്തിനായാണ് പഞ്ചായത്ത് ഗ്രൗണ്ട് മുതൽ പാലംവരെ മാരത്തൺ. പഞ്ചായത്ത് പ്രസിഡന്റ് സി ആർ ഗിരീഷ് ഫ്ലാഗ് ഓഫ്‌ചെയ്യും. കേരള വോളിബോൾ ടീം ക്യാപ്‌റ്റൻ വി സേതു ലഹരിവിരുദ്ധ പ്രതിജ്ഞചൊല്ലും. ഒന്പതിന് പാലം തുടങ്ങുന്ന വടുതലയിൽ പെരുന്പളം ദീപക് നയിക്കുന്ന പഞ്ചാരിമേളം. പഞ്ചാതായന്പകയും ഉണ്ടാകും.
10ന് രാജേഷ് ചേർത്തല ആൻഡ് ബാൻഡ് നയിക്കുന്ന ഫ്ലൂട്ട് ഫ്യൂഷനും കരിമരുന്ന് പ്രയോഗവും. 11ന് പാലം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും. വൈകിട്ട് ആറിന് ഫ്യൂഷൻ ഡിജെ.










0 comments