സുരക്ഷയ്‌ക്ക് പുല്ലുവില
മഴക്കാല രാത്രി പട്രോളിങ് അവതാളത്തിലാക്കി റെയിൽവേ

അഞ്ജുനാഥ്
Published on Jun 18, 2026, 01:15 AM | 1 min read
ആലപ്പുഴ
സുരക്ഷയെക്കുറിച്ച് നിരന്തരം പരാതി ഉയർന്നിട്ടും മഴക്കാല രാത്രി പട്രോളിങ് ജോലികൾ ക്രമീകരിക്കുന്നതിൽ അലംഭാവം തുടർന്ന് റെയിൽവേ. ജീവനക്കാരുടെ കുറവ് കാരണം പട്രോളിങ് ജോലി വലിയരീതിയിൽ കരാർവൽക്കരിക്കപ്പെട്ടു. പരിചയസന്പത്തില്ലാത്ത പലർക്കും സുരക്ഷാജോലികൾ അറിയില്ല. മഴക്കാലത്ത് റെയിൽപ്പാളങ്ങളിലെ സുരക്ഷ മുൻനിർത്തിയാണ് രാത്രികാല പട്രോളിങ്. ജൂണിൽ ആരംഭിക്കുന്ന ജോലി ആഗസ്‌തുവരെ നീളും. മഴ തുടരുകയാണെങ്കിൽ ദീർഘിപ്പിക്കും. ഇത്തവണ ജൂൺ ഒന്നിന് പട്രോളിങ് ആരംഭിച്ചു. റെയിൽവേയിലെ എൻജിനിയറിങ് ജീവനക്കാരായ ട്രാക് മെയിന്റനർമാരെയാണ് ഇതിന് നിയോഗിക്കുന്നത്. രാത്രി 20 കിലോമീറ്ററോളം പാളങ്ങളിലൂടെ നടന്നാണ് സുരക്ഷാ പരിശോധന. വൈകിട്ട് നാലുമുതൽ പിറ്റേന്ന് രാവിലെ എട്ടുവരെയാണ് ജോലി. വൈകിട്ട് നാലിന് ജോലി ആരംഭിക്കുന്ന ട്രാക് മെയിന്റനർ രാത്രി എട്ടുവരെ ഒറ്റയ്‌ക്കാണ്. എട്ടുമുതൽ കരാർ ജീവനക്കാരൻ ഒപ്പംചേരും. ട്രാക് മെയിന്റനറുടെ ജോലി അർധരാത്രി അവസാനിക്കും. തുടർന്ന് മറ്റൊരാൾ ജോലിക്ക് കയറും. ഇയാൾക്കൊപ്പം പുലർച്ചെ നാലുവരെ കരാർ ജീവനക്കാരൻ തുടരും. നാലുമുതൽ രാവിലെ എട്ടുവരെ ട്രാക് മെയിന്റനർ ഒറ്റയ്‌ക്കാകും. ഇങ്ങനെയാണ് ജോലിയുടെ ക്രമീകരണം.
മികച്ച ഉപകരണങ്ങളും നൽകുന്നില്ല
പുറംകരാറുകാരനാണ് തൊഴിലാളികളെ എത്തിക്കുന്നത്. ഇവർക്ക് ട്രാക്കിലെ സുരക്ഷയെക്കുറിച്ച് ഒരുപരിചയവും ഉണ്ടാവില്ല. തുച്ഛമായ ദിവസക്കൂലിയും ഉറക്കക്കുറവും കഠിനാധ്വാനവും കാരണം പലരും ജോലി നിർത്തുന്നു. ഇത് ട്രാക് മെയിന്റനർമാരുടെ ജോലിഭാരം ഇരട്ടിപ്പിക്കുകയാണ്. സേഫ്‌റ്റി ഷൂസ്, മൂന്ന് വർണ ടോർച്ച് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ നൽകുന്നതിലും വീഴ്‌ചയാണ്. ആറുമാസത്തിൽ ഒരുജോഡി സേഫ്‌റ്റി ഷൂ നൽകിയിരിക്കണമെന്ന ചട്ടം. കൃത്യമായി പാലിക്കാറില്ല. നൽകുന്നതാകട്ടെ ഗുണനിലവാരം ഇല്ലാത്തതും. ടോർച്ച് പലപ്പോഴും നന്നായി പ്രവർത്തിക്കാത്തതിനാൽ സ്വന്തമായി പവർ ലൈറ്റ് വാങ്ങേണ്ട സ്ഥിതിയാണെന്നും ജീവനക്കാർ പറയുന്നു.










0 comments