അത്യാഹിതവിഭാഗത്തിൽ രോഗിയുടെ സ്വർണവള മോഷ്‌ടിച്ചു

ചേർത്തല
ചേർത്തലയിലെ സ്വകാര്യ ആശുപത്രി അത്യാഹിതവിഭാഗത്തിൽ ചികിത്സയ്‌ക്കെത്തിച്ച രോഗിയുടെ സ്വർണവള മോഷണംപോയതായി പരാതി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് നാലാംവാർഡ് കൊച്ചുവെളിയിൽ നിർമല(79)യുടെ ഒരുപവന്റെ വളയാണ് നഷ്‌ടപ്പെട്ടത്. കഴിഞ്ഞ ബുധൻ രാത്രി ഹൃദയാഘാതത്തെത്തുടർന്ന് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നിർമലയെ എത്തിച്ചിരുന്നു. ശേഷം ചേർത്തലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണം സ്ഥിരീകരിച്ച് മൃതദേഹം വൃത്തിയാക്കാൻ ആഭരണം ഊരി ബന്ധുക്കളെ എൽപ്പിച്ചു. ഒരുവളയും രണ്ട് കമ്മലും മാത്രം നൽകിയപ്പോൾ രണ്ടാമത്തെ വള ബന്ധുക്കൾ ആവശ്യപ്പെട്ടു. ഒരുവള മാത്രമാണുണ്ടായിരുന്നതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. അധികം തർക്കിക്കാതെ മൃതദേഹവുമായി ബന്ധുക്കൾ വീട്ടിലേക്ക് മടങ്ങി. സംസ്‌കാരം കഴിഞ്ഞ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ സിസിടിവി കാമറാദൃശ്യം പരിശോധിച്ചപ്പോൾ നിർമലയുടെ കൈയിൽ രണ്ട് വള ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇക്കാര്യം മകൻ ബേബി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെത്തി അറിയിച്ചെങ്കിലും തൃപ്‌തികരമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് ചേർത്തല പൊലീസിൽ പരാതിപ്പെട്ടത്. ചേർത്തല ആശുപത്രിയിലെ കാമറാദൃശ്യം ശേഖരിച്ച് പരിശോധിച്ചശേഷം പൊലീസ് കേസെടുത്തു.









0 comments