ഓൺലൈൻ കെണിയിൽ കൂടുതൽ ഇരകൾ
പൂജാരിക്ക് നഷ്‌ടം അരക്കോടി


സ്വന്തം ലേഖകൻ
Published on Feb 21, 2026, 01:51 AM | 1 min read
ആലപ്പുഴ
ഓൺലൈൻ കെണിയിൽ ജില്ലയിൽ കൂടുതൽ ഇരകൾ. ഓഹരി വിപണിയിൽ വൻലാഭം വാഗ്‌ദാനംചെയ്‌ത് പൂജാരിയിൽനിന്ന് തട്ടിയത് അരക്കോടിയിലേറെ രൂപ. കേസിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പുകാർക്ക് പണമെത്തിയ അക്കൗണ്ട് വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന് പ്രാഥമികാന്വേഷണത്തിന് കൈമാറി. 56.30 ലക്ഷം തട്ടിയതായി മാവേലിക്കര സ്വദേശിയും 45കാരനുമായ പൂജാരി സൈബർ ക്രൈം പൊലീസിൽ വ്യാഴാഴ്‌ചയാണ് പരാതി നൽകിയത്. ഡിസംബർ ഒന്നിന് സമൂഹമാധ്യമത്തിൽ ലഭിച്ച സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ഓഹരിവിപണിയിൽ നിക്ഷേപമുള്ള ഇദ്ദേഹത്തിന് പ്രമുഖ ബാങ്കിന്റെ ഓഹരി നിക്ഷേപ സ്ഥാപനത്തിന്റെ സമാന പേരിലുള്ള ഷെയർ ട്രേഡിങ് ഗ്രൂപ്പിന്റെ പ്രതിനിധി എന്ന പേരിലാണ് വാട്‌സ്‌ആപ്പ് സന്ദേശം ലഭിക്കുന്നത്. സാധാരണയിൽ കൂടുതൽ ലാഭമായിരുന്നു വാഗ്‌ദാനം. അവർ അയച്ചുനൽകിയ വ്യാജ മൊബൈൽ ആപ്പും ഇൻസ്‌റ്റാൾ ചെയ്യിച്ചു. വ്യാജ ആപ്പിലെ വെർച്വൽ അക്കൗണ്ടിൽ നിക്ഷേപവും ലാഭവിഹിതം എത്തിയതായും കാണിക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ആദ്യ നിക്ഷേപവും ലാഭവും വർധിക്കുന്നതായി വ്യാജ ആപ്പിൽ കാണിച്ചതോടെ പൂജാരി കൂടുതൽ പണം നിക്ഷേപിച്ചു. 2025 ഡിസംബർ രണ്ടുമുതൽ 2026 ഫെബ്രുവരി 11 വരെ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് 15 തവണയായി 56,30,855 രൂപ അയച്ചു. ഇദ്ദേഹത്തിന്റെ അമ്മയുടെ അക്കൗണ്ടിൽനിന്നും പണം നൽകി. പിന്നീട് നിക്ഷേപവും ലാഭവും പിൻവലിക്കാൻ കഴിയാതെവന്നതോടെയാണ് തട്ടിപ്പിൽ അകപ്പെട്ടതായി അറിയുന്നത്. അന്തർസംസ്ഥാന സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് നിഗമനം.










0 comments