ചോറിനൊപ്പമെത്തി ഹൃദയപൂർവം 
ഒരു ഓണക്കോടി

ഹൃദയപൂർവം

പൊതിച്ചോറിനൊപ്പം കിട്ടിയ ഓണക്കോടിയുമായി മറിയ

avatar
സ്വന്തം ലേഖകർ

Published on Sep 01, 2025, 01:57 AM | 1 min read

അമ്പലപ്പുഴ/ തുറവൂർ

ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുക്കാർക്കുമായി ഡിവൈഎഫ്ഐ നൽകുന്ന ഹൃദയപൂർവം പൊതിച്ചോറിൽ വിഭവങ്ങൾക്കൊപ്പം ഓണക്കോടിയും. തുറവ‍ൂർ മേഖല കമ്മിറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിതരണംചെയ്‌ത പൊതിച്ചോറുകളിൽ ഒന്ന്‌ എത്തിയത്‌ പുന്നപ്ര പറവൂർ സ്വദേശിനി മറിയയ്‌ക്ക്‌ (72). ഭക്ഷണപ്പൊതി തുറന്നപ്പോഴാണ്‌ സെറ്റ്‌ മുണ്ട്‌ കണ്ടത്‌. സെറ്റ് മുണ്ടുമായി ഇവർ ഡിവൈഎഫ്ഐ പ്രവർത്തകരെ സമീപിച്ചപ്പോഴാണ്‌ ഭാരവാഹികളും കാര്യമറിയുന്നത്‌. പറവൂരിൽനിന്ന് കാൽനടയായെത്തി നിത്യേന രണ്ട് പൊതികൾ മറിയ വാങ്ങും. ആശുപത്രി വളപ്പിലിരുന്ന്‌ ഒരു പൊതി കഴിച്ചശേഷം മറ്റൊന്ന് അത്താഴത്തിനായി മാറ്റിവയ്‌ക്കും, ഇതാണ്‌ പതിവ്. ഭർത്താവും മക്കളുമില്ലാതെ തനിച്ചുതാമസിക്കുന്ന മറിയയുടെ ജീവിതാവസ്ഥ അറിയാവുന്ന പ്രവർത്തകർ ഇത് കൃത്യമായി നൽകാറുമുണ്ട്. ഇവർക്കാവശ്യമായ മരുന്നുകളും അവർ ആശുപത്രിയിൽനിന്ന് വാങ്ങി നൽകും. പൊതിച്ചോർ വിതരണം അശ്ലീലമെന്ന്‌ അധിക്ഷേപിച്ചവർക്ക്‌ നാട്‌ നൽകുന്ന മറുപടിയാണിതെന്ന്‌ മേഖലാ സെക്രട്ടറി അനന്ദു രമേശും പ്രസിഡന്റ്‌ എം എസ് അഭിജിത്തും പറഞ്ഞു. ബ്ലോക്ക്, മേഖലാ കമ്മിറ്റി അംഗങ്ങൾ, വണ്ടാനം മേഖലാ കമ്മിറ്റി അംഗങ്ങളായ ബി ഹാരിസ്, സനീഷ് എന്നിവരും പൊതിച്ചോർ വിതരണത്തിൽ പങ്കാളികളായി. അപരനോട്‌ കരുതൽ കാത്തുവച്ച സ്‌നേഹപ്പൊതികൾ നൽകിയവരെ തേടുകയാണ് നേതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Home