ad
Deshabhimani

മണൽക്കൊള്ളക്കാരോടും ‘നോ കോംപ്രമൈസ്​’

ഖനനം തുടർന്നാൽ വീണ്ടും വരും സമരരീതി ഇതായിരിക്കില്ല

2018-ലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃപ്പെരുന്തുറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍  വി എസ്​ അച്യുതാനന്ദന്‍  പങ്കെടുത്തപ്പോള്‍

2018-ലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃപ്പെരുന്തുറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വി എസ്​ അച്യുതാനന്ദന്‍ പങ്കെടുത്തപ്പോള്‍

avatar
കെ സുരേഷ്​കുമാര്‍

Published on Jul 22, 2025, 11:58 PM | 1 min read

മാന്നാര്‍
‘പൊലീസ് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ഇനിയും ഞാന്‍ വരും... അന്ന് സമരരീതി ഇതായിരിക്കില്ല’ മണ്ണിനും മനുഷ്യനും കാവലായ വി എസിന്റെ ആ പ്രഖ്യാപനത്തിലാണ്​​ ബുധനൂരെന്ന നാടിന്റെ ​നിലമുറച്ചത്​​. ഗ്രാമത്തെയാകെ ഇല്ലാതാക്കാൻ കഴിയുമായിരുന്ന അനധികൃത മണൽഖനനത്തിനെതിരെ വി എസ് നടത്തിയ ശക്തമായ ഇടപെടൽ എന്നും ഓർക്കുന്നു ബുധനൂർ നിവാസികൾ. 20 വർഷം മുമ്പാണ്​ സംഭവം. ബുധനൂർ, എണ്ണയ്​ക്കാട് പ്രദേശങ്ങളിലെ പാടശേഖരങ്ങൾ കുഴിച്ച് അനധികൃത മണൽഖനനം വ്യാപകമായി. ദിവസേന മണലുമായിപ്പോയത്​ നൂറുകണക്കിന് ലോറികൾ.​ യന്ത്രങ്ങളാൽ 20 അടി താഴ്​ചയിൽവരെ അപകടകരമായ ഖനനം. ടിപ്പറുകൾ ചെല്ലാത്തിടത്ത്​ വള്ളങ്ങളിലും മണൽനിറച്ച് ഖനനം തകൃതി. അനധികൃത ഖനനത്തിനെതിരെ സിപിഐ എം സമരം ഏറ്റെടുത്തു. പ്രതിപക്ഷനേതാവായിരുന്ന വി എസ്​ 2004 ആഗസ്​ത്​ 16ന് സമരമുഖത്തേക്ക്​. എണ്ണയ്​ക്കാടെത്തി പ്രധാന മണൽഖനന പാടശേഖരങ്ങൾ സന്ദർശിച്ചു. ബഹുജനറാലിയായാണ് ബുധനൂരിൽനിന്ന്​ എണ്ണയ്​ക്കാട് ഖനനപ്രദേശത്തേക്ക് വി എസ് എത്തിയത്​. വി എസ്​ നയിച്ച റാലി സമരാവേശം ഇരട്ടിയാക്കി. അനധികൃതഖനനത്തിന്​ ഉപയോഗിച്ച പത്തോളം വള്ളങ്ങൾ സമരക്കാർ പിടിച്ചു. റാലിയുമായി മുന്നോട്ട് പോകരുതെന്ന്​ പൊലീസ് അഭ്യർഥിച്ചു.​ പാടശേഖരങ്ങളിൽനിന്ന് ഒരു തരിമണൽ പോലും ഇനി വാരില്ലെന്ന ഉറപ്പ് നൽകണമെന്നായി വി എസ്​. മണൽ വാരാൻ അനുവദിക്കില്ലെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ്​ വി എസ്​ ശാന്തനായത്. റാലിയെ അവസാനിപ്പിച്ച്​ വി എസ്​ ഒന്നുകൂടി ഓർമിപ്പിച്ചു ‘ഉറപ്പ് പാലിച്ചില്ലെങ്കിൽ ഇനിയും ഞാന്‍ വരും, അന്ന് സമരരീതി ഇതായിരിക്കില്ല’. പൊലീസ് നടപടി ശക്തമാക്കി. ഖനനം പൂർണമായും ഇല്ലാതാക്കി. 2018ലെ ഉപതെരഞ്ഞെടുപ്പിലും 2021ലെ പൊതുതെരഞ്ഞെടുപ്പിലും ചെങ്ങന്നൂർ മണ്ഡലത്തിൽ കൺവൻഷനുകൾ ഉദ്ഘാടനംചെയ്യാനും വി എസ്​ എത്തി. ചെന്നിത്തല തൃപ്പെരുന്തുറ ഭാഗത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ വി എസ് പങ്കെടുത്ത് സംസാരിക്കുകയുംചെയ്​തു. ചെന്നിത്തലയിലെ ധീരരക്തസാക്ഷി എം അച്യുതകുറുപ്പിന്റെ രക്തസാക്ഷി അനുസ്​മരണ സമ്മേളനം അന്നത്തെ പാർടി സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസാണ് ഉദ്ഘാടനംചെയ്​തത്. 2015ൽ മാന്നാറിലെ ദേശാഭിമാനി സ്വയംസഹായ സംഘം ‘സഹോദരിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറിയതും വി എസ് ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home