"ബോണ്ട് ഒപ്പിടണം, കാലാവധി എഴുതരുത്'


സ്വന്തം ലേഖകൻ
Published on Nov 28, 2026, 01:53 AM | 1 min read
ആലപ്പുഴ
ജോലിയിൽ തിരിച്ചുകയറാനുള്ള ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമായെത്തിയിട്ടും ജീവനക്കാരെ കുടുക്കാൻ ബോണ്ടിൽ ഒപ്പിടാൻ നിര്‍ബന്ധിച്ച് ദേശീയ ആരോഗ്യദൗത്യം (എൻഎച്ച്എം) അധികൃതര്‍. 2027 മാര്‍ച്ച് 31 വരെയുള്ള കരാര്‍ കാലാവധിയടക്കമുള്ള പ്രസക്ത വിവരങ്ങള്‍ രേഖപ്പെടുത്താതെ 200 രൂപ മുദ്രപത്രത്തിൽ അവര്‍ നിര്‍ദേശിക്കുന്ന നിബന്ധനകള്‍ ഒപ്പിട്ട് നൽകാനാണ് ഡോക്‍ടര്‍മാര്‍ അടക്കമുള്ളവരോടുള്ള ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിന്റെ ഭീഷണി. കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാനെത്തിയ ഏഴ് പേരോടാണ് ഇത്തരത്തിൽ ബോണ്ട് ആവശ്യപ്പെട്ടത്. മറ്റ് ജില്ലകളിലോ, ആലപ്പുഴയിൽത്തന്നെയോ ഉത്തരവുമായെത്തി ആദ്യം ജോലിയിൽ പ്രവേശിച്ച ആയുർവേദ, ഹോമിയോ, സിദ്ധ ഡോക്‍ടർമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുമില്ലാത്ത നിബന്ധനയാണ് ഇപ്പോള്‍ അടിച്ചേൽപ്പിക്കുന്നത്. ബോണ്ടിൽ ഇഷ്‍മുള്ള കരാര്‍ കാലാവധി എഴുതിച്ചേർത്ത് പിന്നീട് ജോലിയിൽനിന്ന് പുറത്താക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ജോലിക്ക് തിരിച്ചുകയറുന്നതിൽ തടസമുണ്ടാകുമെന്ന് ഭയന്ന് ചിലര്‍ ബോണ്ട് നൽകി. സർക്കാർ ആശുപത്രികളെ പ്രതിസന്ധിയിലാക്കി ഡോക്‍ടർമാരും സ്‌റ്റാഫ് നഴ്സുമാരുമടക്കം ജില്ലയിൽ 90 കരാർ ജീവനക്കാരെയാണ് യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമിച്ചവരെ ഒഴിവാക്കി കോൺഗ്രസ് അനുകൂലികളെ തിരുകിക്കയറ്റാനാണിത്. എന്നാൽ ജീവനക്കാര്‍ ഹൈക്കോടതിയിൽപോയി അനുകൂല ഉത്തരവ് വാങ്ങി. ഈ ഉത്തരവുമായെത്തിയിട്ടും ജീവനക്കാർക്ക് പുനർനിയമനം നൽകാതിരിക്കാൻ അധികൃതര്‍ പല വഴിയും നോക്കിയിരുന്നു. കോടതി ഉത്തരവിൽ വ്യക്തതയില്ലെന്ന് പറഞ്ഞ് ചിലര്‍ക്ക് നിയമനം നൽകാൻ വിസമ്മതിച്ചു. ഇതേ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മറ്റ് ജില്ലകളിൽ ജീവനക്കാരെ ജോലിയിൽ പ്രവേശിപ്പിച്ചത് ചൂണ്ടിക്കാട്ടിയിട്ടും ആലപ്പുഴയിൽ അധികൃതര്‍ രാഷ്‍ട്രീയ പകപോക്കൽ നടത്തി. ഇതിനെതിരെ സിഐടിയു നേതൃത്വത്തിൽ എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് പുനര്‍നിയമനം നടത്താൻ തയ്യാറായത്. നിലവിൽ പിരിച്ചുവിടപ്പെട്ട ജീവനക്കാരിൽ പകുതിപ്പേരും കോടതിയുടെ അനുകൂല ഉത്തരവുമായി ജോലിയിൽ തിരികെ കയറി. എൻഎച്ച്എം ഒഴിവുകളിൽ നിയമനത്തിന് ഭരണാനുകൂല നേതാക്കളുടെ നേതൃത്വത്തിൽ വ്യാപകപണപ്പിരിവിന് ശ്രമിക്കുന്നതായും ആരോപണമുണ്ട്.







0 comments