ആളിയാർ ജലം ലഭ്യമാക്കണം
ചിറ്റൂർ നിശ്ചലം


സ്വന്തം ലേഖകൻ
Published on Nov 28, 2026, 02:00 AM | 1 min read
ചിറ്റൂർ
പറമ്പിക്കുളം – ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹമായ വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ചിറ്റൂർ നിയോജകമണ്ഡലത്തിലും സമീപ പഞ്ചായത്തുകളിലും വെള്ളിയാഴ്ച നടത്തിയ ഹർത്താൽ പൂർണം. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ. എൽഡിഎഫ് പിന്തുണയുള്ള കർഷക സംഘടനകളുടെ കൂട്ടായ്മയായ ചിറ്റൂർ താലൂക്ക് ജലസംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനെത്തുടർന്ന് ചിറ്റൂരിലെയും സമീപ പഞ്ചായത്തുകളിലെയും വ്യാപാര, ധനകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഹർത്താൽ അറിയാതെ എത്തിയ വാഹനങ്ങൾ വിവിധ ഭാഗങ്ങളിൽ തടഞ്ഞശേഷം തിരിച്ചയച്ചു. അവശ്യസർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. വിവിധ പഞ്ചായത്തുകളിൽ കർഷകർ പ്രകടനവും നടത്തി. പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളിൽ കരുതൽശേഖരത്തിന് പുറമെ ഒമ്പത് ടിഎംസിയിലധികം വെള്ളമുണ്ടായിട്ടും കേരളത്തിന് അർഹമായ ജലം ലഭ്യമാക്കാൻ കഴിയാത്തതാണ് കർഷകരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇതോടെ ചിറ്റൂർ പുഴ പദ്ധതി പ്രദേശത്ത് രണ്ടാംവിള നെൽകൃഷി ഇറക്കാനായില്ല. ജില്ലയിലെ നെല്ലറയായ ചിറ്റൂരിന്റെ കാർഷികമേഖല പ്രതിസന്ധിയിലായിട്ടും പ്രശ്നപരിഹാരത്തിന് സർക്കാർ ഇടപെടുന്നില്ലെന്നാണ് കർഷകരുടെ ആരോപണം. കരാർപ്രകാരം ചിറ്റൂർ പുഴയിലേക്ക് ലഭിക്കേണ്ട 7.25 ടിഎംസി വെള്ളത്തിൽ അഞ്ചു ടിഎംസി ഇനിയും ലഭിക്കാനുണ്ട്. നവംബർ 13ന് ചേർന്ന ജോയിന്റ് വാട്ടർ റെഗുലേറ്ററി ബോർഡ് യോഗത്തിൽ കേരളത്തിന് ഒന്നര ടിഎംസി വെള്ളം മാത്രമേ നൽകാനാകൂ എന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചത്. ഇത് മേയ് വരെയുള്ള ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുപോലും തികയില്ലെന്നാണ് കർഷകരുടെ ആശങ്ക. ചിറ്റൂർ എംഎൽഎയും അന്തർസംസ്ഥാന നദീജല പ്രശ്നങ്ങളിൽ ഇടപെടേണ്ട മുഖ്യമന്ത്രിയും വിഷയത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നും കർഷകർ ആരോപിച്ചു. ജലപ്രശ്നത്തിൽ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി മുന്നറിയിപ്പ് നൽകി.







0 comments