പരുതൂർ സ്കൂൾ വെടിവയ്‌പ്പ്
വെടിയുണ്ട ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു

പാലക്കാട്
പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠിയുടെ വെടിയേറ്റ് പരിക്കേറ്റ വിദ്യാർഥിയുടെ ശരീരത്തിൽനിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത വെടിയുണ്ട ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തൃത്താല പൊലീസ് ശേഖരിച്ച വെടിയുണ്ട പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ ശേഷമാണ് തൃശൂരിലെ ഫോറൻസിക് ലാബിലേക്ക് അയച്ചത്. വിദ്യാർഥിയെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മുറിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശനിയാഴ്ച ആശുപത്രിയിൽ നിന്ന് വിടുമെന്നും അധികൃതർ അറിയിച്ചു. ചൊവ്വ പകൽ 11 നാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർഥി വീട്ടിൽനിന്ന് കൊണ്ടുവന്ന അഞ്ച് വെടിയുണ്ടകളുള്ള പോയിന്റ് 22 റിവോൾവർ ക്ലാസ് മുറിയിൽവച്ച് കൂട്ടുകാരെ കാണിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടുകയായിരുന്നു. കേസിൽ പ്രതിയായ ഒന്പതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഡിസംബർ അഞ്ചുവരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റി. തോക്ക് വീട്ടിൽ സൂക്ഷിച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു.







0 comments