പട്ടാപ്പകൽ സ്വർണക്കവർച്ച
നടുക്കം മാറാതെ നാട്ടുകാർ


സ്വന്തം ലേഖകൻ
Published on Nov 28, 2026, 02:00 AM | 1 min read
കുഴൽമന്ദം
പട്ടാപ്പകൽ തോക്കുചൂണ്ടി ജ്വല്ലറിയിലെ 50 പവൻ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ നടുക്കം മാറാതെ നാട്ടുകാർ. കുഴൽമന്ദം-– തിരുവില്ലാമല മെയിൻ റോഡിൽ പെരിങ്ങോട്ടുകുറുശി ജങ്ഷനുസമീപം കുന്നത്തുപറമ്പിൽ ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ വെള്ളി പകൽ 2 .30 നാണ് നാടിനെ ഞെട്ടിച്ച സ്വർണക്കവർച്ച നടന്നത്. പെരിങ്ങോട്ടുകുറുശി ഗവ. ഹൈസ്കൂളിന് സമീപത്തെ കുന്നത്തുപറമ്പ്– പുതുക്കോട്ടുകളം റോഡിലാണ് ജ്വല്ലറി. സംഭവം കണ്ട് ആദ്യം ഓടിയെത്തിയത് സമീപവാസിയായ മുഹമ്മദ് ഹനീഫയും മകൻ കുഞ്ഞുമുഹമ്മദും. കവർന്ന സ്വർണവുമായി സംഘം കാറിൽ കയറുന്നതാണ് ഇരുവരുടെയും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇവർ സംഘത്തെ തടയാൻ ഓടിയെത്തി. മുഹമ്മദ് ഹനീഫ കാറിനുമുന്നിൽ തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സംഘം അതിവേഗം കാർ ഓടിച്ചുപോയി. ഇതിനിടെ കുഞ്ഞുമുഹമ്മദ് ഇഷ്ടികയെടുത്ത് എറിഞ്ഞതോടെ കാറിന്റെ ഒരുവശത്തെ ഗ്ലാസ് തകർന്നു. പ്രദേശത്ത് ഉച്ചസമയം ആളൊഴിഞ്ഞനില നോക്കിയാകാം കവർച്ചാസംഘം എത്തിയതെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു. പകൽസമയം ജനവാസ മേഖലയിലെ ജ്വല്ലറിയിൽ തോക്കുചൂണ്ടി കവർച്ച നടന്നത് പ്രദേശവാസികളിൽ ഭീതി പടർത്തി. സ്വർണക്കവർച്ച ഏറെ ഞെട്ടലോടെയാണ് കേട്ടതെന്ന് സമീപവാസിയായ വടക്കുംപുറം ചുള്ളിക്കൽ വീട്ടിൽ സി പി മനോജ്കുമാർ പറഞ്ഞു.
തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിൽ സനാദും ഭാര്യയും
കുഴൽമന്ദം
തോക്കിൻ മുനമ്പിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആശ്വാസത്തിലാണ് പെരിങ്ങോട്ടുകുറുശി കുന്നത്തുപറമ്പിലെ ഇഷാൻ ഗോൾഡ് ഉടമ കെ വി സനാദും ഭാര്യ ശ്രീവിദ്യയും. ജ്വല്ലറിയോട് ചേർന്നാണ് ഇവരുടെ വീട്. വനിതാ ജീവനക്കാരികൾ അറിയിച്ചതനുസരിച്ച് സനാദും ശ്രീവിദ്യയും മകൻ ഇഷാനും ജ്വല്ലറിയിൽ എത്തി. ഉടൻ തന്നെ കവർച്ചാ സംഘത്തിലെ ഒരാൾ സനാദിനുനേരെ തോക്ക് ചൂണ്ടി. ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേർ കത്തി ഉപയോഗിച്ച് കുത്താനും നോക്കി. ശ്രീവിദ്യ കവർച്ചാസംഘത്തെ കസേരയെടുത്ത് തടയാൻ ശ്രമിച്ചു. ഇതിനിടയിലാണ് സംഘം ഷോക്കേസിൽ നിന്നുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. ജ്വല്ലറിക്കകത്തെ ആസിഡ് സംഘത്തിനെതിരെ എറിഞ്ഞതിനെ തുടർന്ന് കൂടുതൽ സ്വർണാഭരണങ്ങൾ എടുക്കാനായില്ല. 12 വർഷം മുമ്പാണ് സനാദ് കുന്നത്തുപറമ്പിൽ ഇഷാൻ ഗോൾഡ് ജ്വല്ലറി ആരംഭിക്കുന്നത്.






0 comments