ad
Deshabhimani

പശ്ചിമഘട്ടത്തിൽ പുതിയ മത്സ്യയിനം

'ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ'

F
വെബ് ഡെസ്ക്

Published on Jun 11, 2026, 01:59 AM | 1 min read

ചെങ്ങന്നൂർ

പശ്ചിമഘട്ടത്തിൽ പുതിയ മത്സ്യയിനത്തെ കണ്ടെത്തി. പെരിയാർ കടുവ സങ്കേതത്തിൽ പെരിയാർ നദിയുടെ ഉത്ഭവസ്ഥലത്തുള്ള അരുവികളിൽനിന്ന്‌ കണ്ടെത്തിയ പുതിയയിനം മത്സ്യത്തിന് “ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ” (Eechathalakenda incognita) എന്നാണ് പേര് നൽകിയിരിക്കുന്നത്. പശ്ചിമഘട്ടത്തില്‍ ഏറ്റവും നിഗൂഢമായ ശുദ്ധജലമത്സ്യ വംശാവലികളിലൊന്നിനെക്കുറിച്ചുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള പരിണാമ രഹസ്യം പരിഹരിച്ചാണ് ശാസ്‌ത്രജ്ഞർ പുതിയ മത്സ്യത്തെ കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്‌റ്റീഫൻസ് കോളേജില ശ്വേത ചന്ദ്ര, കുഫോസ് അധ്യാപകൻ ഡോ. രാജീവ് രാഘവൻ, ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജിലെ അധ്യാപകൻ ഡോ. അഭിലാഷ് രവിമോഹനൻ, ജർമനിയിലെ സെൻകെൻബെർഗ് നാച്ചുറൽ ഹിസ്‌റ്ററി മ്യൂസിയത്തിലെ ഡോ. റാൽഫ് ബ്രിറ്റ്സ്, ന്യൂ ഡൽഹി ശിവ് നാടാർ സർവകലാശാലയിലെ ഡോ. നീലേഷ് ദഹനുകർ, കുഫോസ്- ലെ റയാൻ ബാബു എന്നിവർ ചേർന്നാണ്‌ മത്സ്യത്തെ കണ്ടെത്തിയത്. ​1941- ൽ മത്സ്യഗവേഷകനായ ഡോ. ബി സുന്ദരരാജ് പമ്പാനദിയിൽ നിന്ന് കണ്ടെത്തിയ ഈച്ചത്തലക്കണ്ട ഒഫിസെഫാലയും “ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ” കഴിഞ്ഞ 80 വർഷമായി ഒരൊറ്റ ഇനമായിട്ടാണ് കണക്കാക്കിരുന്നത്. മൈറ്റോകോൺട്രിയൽ ഡിഎൻഎ സ്വീക്വൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഗവേഷകർ ഇവ വ്യത്യസ്‌തമായ രണ്ട് മത്സ്യയിനങ്ങളാണെന്ന് തെളിച്ചത്. ഗവേഷണത്തിലൂടെ ഈ പുരാതന മത്സ്യവംശത്തിന് കൃത്യമായ ഒരു പരിണാമസ്ഥാനവും നൽകാനായി. ശാസ്‌ത്രലോകത്ത് ദീർഘകാലമായിട്ടുള്ള അവ്യക്തത മുൻനിർത്തിയാണ് ‘ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ' (തിരിച്ചറിയപ്പെടാത്തത്/രഹസ്യമായത് എന്നാണ് ഇൻകോഗ്നിറ്റ എന്ന വാക്കിനർഥം) എന്ന് പേരിട്ടത്. മത്സ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ശാസ്‌ത്രജ്ഞർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. പെരിയാർ കടുവ സങ്കേതത്തിലെ വേഗത്തിലൊഴുകുന്നതും പാറക്കെട്ടുകൾ നിറഞ്ഞതുമായ പ്രത്യേക അരുവികളിൽ മാത്രമാണ് ഇവയെ കാണുന്നത്. കാലാവസ്ഥാ പ്രതിസന്ധിയിലെ ആവാസവ്യവസ്ഥയുടെ തകർച്ചയും അധിനിവേശമത്സ്യങ്ങളുടെ ഭീഷണിയും ഇതിന്റെ നിലനിൽപ്പിന് വലിയ വെല്ലുവിളിയാണ്. ഫലപ്രദമായ ഇടപെടലിലൂടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ഗവേഷകർ പറയുന്നു. പെരിയാർ കടുവ സങ്കേതത്തിൽ മാത്രം കാണുന്ന ഒന്പതാമത്തെ മത്സ്യയിനമാണ് ഈച്ചത്തലക്കണ്ട ഇൻകോഗ്നിറ്റ. കണ്ടെത്തലോടെ ഏഷ്യൻ ഭൂഖണ്ഡത്തിൽത്തന്നെ ശുദ്ധജല മത്സ്യസംരക്ഷണത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സങ്കേതങ്ങളിലൊന്നായി പെരിയാർ കടുവ സങ്കേതം മാറിയിരിക്കുകയാണ്. പഠനത്തെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ അന്താരാഷ്‌ട്ര ജേർണൽ ആയ 'സിസ്‌റ്റമാറ്റിക്‌സ്‌ ആൻഡ് ബയോഡൈവേഴ്സിറ്റി' യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home