കടലിലെ കണ്ടെയ്‌നറിൽ കുരുങ്ങി വല തകർന്നു

തകരാറിലായ വലകൾ നന്നാക്കുന്ന മത്സ്യത്തൊഴിലാളികൾ
ഹരിപ്പാട്
മീൻപിടിക്കാൻപോയ വള്ളത്തിലെ വലകൾ കടലിന്റെ അടിത്തട്ടിൽ കിടന്ന കണ്ടെയ്നറിൽ തട്ടി തകർന്നു. വലിയഴീക്കലിൽനിന്ന് പോയ സുരേഷിന്റെ എല്ലാലിൽ കിഴക്കതിൽ വള്ളത്തിലെ 600 കിലോഗ്രാം വലയാണ് നഷ്‌ടമായത്. ഞായർ ഉച്ചയോടെ കായംകുളം താപനിലയത്തിന് പടിഞ്ഞാറ് ആഴക്കടലിലാണ് സംഭവം. കടലിൽ തടസമുണ്ടാകുന്ന ഭാഗം വള്ളങ്ങളിലെ ജിപിഎസ് സംവിധാനം വഴി മനസിലാക്കിയാണ് മീൻപിടിക്കുന്നത്. അപ്രകാരം തടസമില്ലാത്തതായി രേഖപ്പെടുത്തിയ സ്ഥലത്ത് മീൻ പിടിക്കുമ്പോഴാണ് വല കണ്ടെയ്നറിൽ കുടുങ്ങി കേടുപാടുകളുണ്ടായത്. കപ്പലപകടമുണ്ടായി രണ്ട് മാസം കഴിയുമ്പോൾ കൊല്ലം, ആലപ്പുഴ ഭാഗങ്ങളിലെ കടലിൽ പത്തിലധികം വള്ളങ്ങളിലെ വലകൾ കടലിന്റെ അടിത്തട്ടിൽ കണ്ടെയ്നറുകളുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങളിൽ തട്ടി ഉപയോഗ ശൂന്യമായി. ഇതാവർത്തിക്കുന്നത് ആശങ്ക ഉയർത്തുകയാണ്. അപകടമേഖലകൾ തിരിച്ചറിഞ്ഞ് കടലിന്റെ അടിത്തട്ടിലെ വസ്‌തുക്കൾ സമയബന്ധിതമായി നീക്കി സുരക്ഷിത മീൻപിടിത്തത്തിന് സാഹചര്യമൊരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.









0 comments