ഇൻഷുറൻസില്ലാത്ത ബോട്ടുകൾക്ക് പ്രവേശന പാസ്
നെഹ്റുട്രോഫി ദിനത്തിൽ പുന്നമടക്കായൽ ഉപരോധിക്കും: പുരവഞ്ചി ഉടമകൾ

ആലപ്പുഴ
പുന്നമട കായലിലെ നെഹ്റുട്രോഫി വള്ളംകളി കാണുന്നതിന് ഇൻഷുറൻസ് പരിരക്ഷയും ലൈസൻസും ഇല്ലാത്ത പുരവഞ്ചികൾക്ക് പ്രവേശനപാസ് അനുവദിക്കാൻ തുറമുഖവകുപ്പ് നീക്കത്തിനെതിരെ ജില്ലയിൽ രജിസ്ട്രേഷനും ലൈസൻസുമുള്ള പുരവഞ്ചി ഉടമകൾ. വള്ളംകളിദിനത്തിൽ പുന്നമട കായലിൽ പുരവഞ്ചികൾ നിരത്തിയിട്ട് പ്രതിഷേധിക്കുകയും ഉപരോധം തീർക്കുകയുംചെയ്യുമെന്ന് ഹൗസ് ബോട്ട് ഓണേഴ്സ് കോർ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൊല്ലം, കൊടുങ്ങല്ലൂർ പോർട്ട് ഓഫീസുകളിൽ രജിസ്‌റ്റർ ചെയ്‌ത പുരവഞ്ചിക്കാരിൽനിന്ന് 75,000 രൂപ ഫീസ് ഈടാക്കിയാണ് പോർട്ട് ഓഫീസർ പാസ് അനുവദിക്കുന്നത്. ഇത് വിനോദസഞ്ചാരികളുടെ ജീവൻവച്ച് പന്താടുന്നതിന് തുല്യമാണ്. വിഐപികളും വിദേശികളും അടക്കം പതിനായിരക്കണക്കിന് ആളുകൾ എത്തുന്ന അന്തരാഷ്‌ട്ര പ്രശസ്‌തിയുള്ള നെഹ്റുട്രോഫി വള്ളംകളിയുടെ സുരക്ഷയെ മറികടന്ന് നിയമവിരുദ്ധമായി പാസ് നൽകാനുള്ള നീക്കം കടുത്ത വെല്ലുവിളിയാണ്. നിയമപ്രകാരം ജില്ലയിൽ രജിസ്‌റ്റർചെയ്‌ത ബോട്ടുകൾക്കാണ് വള്ളംകളി കാണുന്നതിനുള്ള പാസ് ലഭിക്കുന്നത്. ഇത് മറച്ചുവച്ചാണ് കലക്‌ടർ പോർട്ട് ഓഫീസർക്ക് വസ്‌തുതാവിരുദ്ധമായ റിപ്പോർട്ട് കൈമാറിയത്. ഇതിനെതിരെ വിജിലൻസിന് പരാതി നൽകിയിട്ടുണ്ടെന്ന് പുരവഞ്ചി ഉടമകൾ പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് മന്ത്രി എം ലിജു, കെ സി വേണുഗോപാൽ എംപി, എ ഡി തോമസ് എംഎൽഎ എന്നിവർക്ക് പുരവഞ്ചി ഉടമകൾ നിവേദനം നൽകി.










0 comments