കാണണം ഇവരുടെ കണ്ണീർ

പാരാ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾ പരിശീലകനൊപ്പം

സ്വന്തം ലേഖകൻ
Published on Aug 17, 2026, 12:58 AM | 1 min read
തേഞ്ഞിപ്പലം
ദേശീയ പാരാ കിക്ക്ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് വേദിമാറ്റിയതോടെ വിമാന ടിക്കറ്റിന് മുടക്കിയ പണം നഷ്ടപ്പെട്ട് കലിക്കറ്റ് സര്‍വകലാശാലാ സിഡിഎംആര്‍പിയിലെ താരങ്ങള്‍. അമേച്ചര്‍ കിക്ക് ബോക്സിങ് അസോസിയേഷന്‍ ആദ്യമായി നടത്തിയ സംസ്ഥാന പാരാ കിക്ക് ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ മിന്നുംപ്രകടനം നടത്തിയവര്‍ക്കാണ് ദുരവസ്ഥ. യാത്രക്ക് ഇനിയും പണം മുടക്കേണ്ടതിനാല്‍ പുതിയ വേദിയില്‍ മത്സരത്തിനുള്ള അവസരവും നഷ്ടമാകുമെന്ന ആശങ്കയിലാണിവര്‍. സാമൂഹികനീതി വകുപ്പിനുകീഴില്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍ പരിശീലനം നടത്തുന്നവരാണ് താരങ്ങൾ.
ആഗസ്ത് നാല്, അഞ്ച് തീയതികളില്‍ ഗുജറാത്തില്‍ നടക്കേണ്ടിയിരുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പ് കനത്ത മഴയെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. 14 മത്സരാര്‍ഥികളെ കൂടാതെ രണ്ട് രക്ഷിതാക്കളും രണ്ട് സ്റ്റാഫും ഉള്‍പ്പെടെ 18 പേര്‍ക്കാണ് അഹമ്മദാബാദിലെ വീര്‍ സവര്‍ക്കര്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനെത്താന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തത്. 8800 രൂപവീതം 14 പേര്‍ക്കും മറ്റുള്ളവര്‍ക്ക് 10,400 രൂപ വീതവുമായിരുന്നു ടിക്കറ്റ് നിരക്ക്. 1,64,600 രൂപയാണ് ആകെ ചെലവിട്ടത്. തിരികെയുള്ള യാത്രക്ക് ബുക്ക് ചെയ്ത ട്രെയിന്‍ റദ്ദാക്കിയെങ്കിലും ടിക്കറ്റൊന്നിന് 200 രൂപവീതം പിടിച്ച് ബാക്കി തിരികെക്കിട്ടി. സെപ്തംബര്‍ 11, 12 തീയതികളിലായി മധ്യപ്രദേശിലെ ഇന്‍ഡോറിലേക്കാണ് ഇപ്പോള്‍ മത്സരം മാറ്റിയിരിക്കുന്നത്. ഇവിടേക്ക് നേരിട്ട് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാന്‍ പ്രയാസമാണ്. ഡൗണ്‍ സിന്‍ഡ്രോം, ഓട്ടിസം എന്നിവ ബാധിച്ച കുട്ടികളുമായി പലയിടങ്ങളില്‍ മാറിക്കയറി പോകുന്നതും ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ പറയുന്നു. വിമാനടിക്കറ്റ് തുക തിരികെ ലഭിക്കാന്‍ ബുക്കിങ് ഏജന്റിനെയും ഇന്‍ഡിഗോ വിമാനക്കമ്പനിയെയും ബന്ധപ്പെട്ടെങ്കിലും നടന്നിട്ടില്ല. രക്ഷിതാക്കള്‍ എം കെ രാഘവന്‍ എംപിക്ക് ഇക്കാര്യത്തില്‍ നിവേദനം നല്‍കിയിരുന്നു. ഈ കുട്ടികളുടെ ജീവിതത്തിലെ സുവര്‍ണാവസരമായ ഒരു വേദി നഷ്ടമാകാതിരിക്കാന്‍ ഒന്നുകില്‍ വിമാനക്കമ്പനി കനിയണം. അല്ലെങ്കില്‍ യാത്രാച്ചെലവുകള്‍ ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്യണം.










0 comments