print edition പഞ്ഞമാസ ആനുകൂല്യത്തിലും കടുംവെട്ട്

ട്രോളിങ് നിരോധനത്തെ തുടർന്ന് വറുതിയിലാകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി)ത്തിൽപ്പോലും കടുംവെട്ട് നടത്തി കേരളത്തിന്റെ രക്ഷാസൈന്യത്തെ വഞ്ചിച്ചു. തൊഴിലില്ലാതെ 52 ദിവസം വീട്ടിലിരുന്ന തൊഴിലാളികളെ റേഷനും പഞ്ഞമാസ ആശ്വാസപണവും നൽകാതെയാണ് സർക്കാർ വഞ്ചിച്ചത്. എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷവും കൃത്യതയോടെ യഥാസമയം പണവും സൗജന്യ റേഷനും കിട്ടിയിരുന്ന തൊഴിലാളികളെയാണ് സർക്കാർ പട്ടിണിയിലും പരിവട്ടത്തിലുമാക്കിയത്.
മത്സ്യത്തൊഴിലാളികൾക്ക് പഞ്ഞമാസങ്ങളിൽ അല്ലലില്ലാതെ ജീവിക്കാനും സന്പാദ്യശീലം വളർത്താനും ലക്ഷ്യമാക്കിയുള്ള പഞ്ഞമാസ സന്പാദ്യപദ്ധതിയിൽ മീൻപിടിത്ത സീസൺ അല്ലാത്ത മെയ് മുതൽ ജൂലൈ വരെ തൊഴിലാളികൾക്ക് മൂന്ന് ഗഡുക്കളായി 6000 രൂപയാണ് നൽകേണ്ടത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് 6000 രൂപയാക്കി വർധിപ്പിച്ചത്. അതുവരെ 4500 രൂപയായിരുന്നു. എന്നാൽ, യുഡിഎഫ് സർക്കാർ 4500 രൂപ കണക്കാക്കി തൊഴിലാളികൾ അടച്ച 1500 രൂപ മാത്രം നൽകി കബളിപ്പിച്ചു. മത്സ്യത്തൊഴിലാളികളും മത്സ്യ അനുബന്ധ തൊഴിലാളികളും പീലിങ് തൊഴിലാളികളും ഉൾപ്പെടെയുള്ളവർക്കാണ് ആനുകൂല്യം ലഭിക്കേണ്ടത്.
ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരുദിവസം മാത്രം ബാക്കിനിൽക്കെയാണ് സൗജന്യ റേഷന് അർഹരായ ഗുണഭോക്താക്കളുടെ പട്ടികപോലും ഫിഷറീസ് വകുപ്പ് റേഷൻകടകൾക്ക് നൽകിയത്. റേഷന് അർഹരായ ഗുണഭോക്താക്കളുടെ പട്ടിക സിവിൽ സപ്ലൈസിന് നൽകുന്നതിൽ ഫിഷറീസ് വകുപ്പ് കാലതാമസം വരുത്തിയതോടെ ട്രോളിങ് നിരോധനം അവസാനിച്ചശേഷമാണ് റേഷൻ നൽകിത്തുടങ്ങിയത്. എൽഡിഎഫ് സർക്കാർ ജൂൺ പത്തിനകം പട്ടിക കൈമാറി ഉടൻ വിതരണം ആരംഭിച്ചിരുന്നിടത്താണ് യുഡിഎഫ് സർക്കാർ പട്ടിണിക്കിട്ടത്.










0 comments