ഇന്ന് കർഷകദിനം
മട്ടുപ്പാവ് കൃഷിക്ക് മനസ് മതി

സി കെ ബിന്ദു വീട്ടിലെ മട്ടുപ്പാവിൽ വിളഞ്ഞ ഓറഞ്ചുമായി
കോട്ടയം
‘വെറുതെ കുറെ ചെടികൾവയ്‌ക്കുന്നതിനുപകരം മുളകോ തക്കാളിയോ വച്ചുകൂടെ’– ഭർത്താവ് സുലോചനൻ ചോദിച്ചു. അയ്‌മനം പാണ്ഡവം കല്ലുപറമ്പിൽ സി കെ ബിന്ദുവെന്ന അധ്യാപികയുടെ മനസിൽ അതൊരു കാർഷിക സ്വപ്‌നത്തിന്റെ വിത്താണ് പാകിയത്. കൃഷി മുറ്റത്തല്ല മട്ടുപ്പാവിലാണ് ഒരുക്കിയത്. ഇന്ന് ആ കൃഷിയിടം നാടറിയുന്ന ഒരു കൊച്ചുകാർഷിക വിസ്‌മയമാണ്. ഇവിടെ വിരിയാത്ത പച്ചക്കറികളോ പഴവർഗങ്ങളോ ഇല്ല. മുന്തിരി, ഓറഞ്ച്, മുസംബി, മൾബറി, മാങ്ങ, സപ്പോർട്ട എന്നിവയുടെ വ്യത്യസ്‌ത വിഭാഗങ്ങൾ. കൂർഗ് ഓറഞ്ച്, തായ്‌ലൻഡ്, ഇസ്രയേൽ ഓറഞ്ചുകൾ, കൊൽക്കത്ത ഓറഞ്ച്, ബാരി സ്വീറ്റ് ഓറഞ്ച്, നാടൻ മാങ്ങ, ഓൾ സീസൺ തായ്‌ലൻഡ് മാംഗോ, ബംഗാനപ്പള്ളി, ഹിമാപസന്ദ്, ബ്രസീലിയൻ മര മുന്തിരി, ഓസ്‌ട്രേലിയൻ ബീച്ച് ചെറി, ബ്രസീലിയൻ മൾബറി എന്നീ പഴവർഗങ്ങളുണ്ട്. സുക്കിനി(കുക്കുംബർ), വെണ്ട, പയർ, തക്കാളി, വഴുതന, മുരിങ്ങ, പാവയ്‌ക്കാ, നാരങ്ങാ, ചോളം, ചീര, മുകള് അടക്കമുള്ള പച്ചക്കറികളുമുണ്ട്. സ്വന്തമായി ഉണ്ടാക്കുന്ന ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. തെർമോക്കോൾ ബോക്‌സ്, പെയ്‌ന്റ് ബക്കറ്റ്, ഗ്രോബാഗ് എന്നിവയിലാണ് കൃഷി. ചെടികൾ കാറ്റ് പിടിക്കാതിരിക്കാൻ ഒരു പാട് ഉയരംവയ്‌ക്കാത്ത തരത്തിൽ പാകമാകുമ്പോൾ വെട്ടി നിർത്തും. തൃശൂരിലെ നഴ്‌സറികളിൽനിന്നുമാണ് തൈ വാങ്ങുന്നത്. വിവിധതരം പൂക്കളും ഓർക്കിഡുകളും ഇവിടെയുണ്ട്. "ആർക്കും ചെയ്യാവുന്ന കൃഷിയാണ് മട്ടുപ്പാവ് കൃഷി. അതിന് മനസ് മാത്രം മതി’– ബിന്ദു പറഞ്ഞു. സഹായികളായി മക്കളായ ഇന്ദ്രജിത്തും ശിവദത്തുമുണ്ട്.










0 comments