ad
Deshabhimani

കാരി പറക്കും, തെക്കേക്കരയുടെ കരുത്തിൽ

കാരിച്ചാൽ ചുണ്ടനിൽ തെക്കേക്കര ബോട്ട്‌ ക്ലബ്‌ പരിശീലനത്തിൽ
avatar
വി കെ വേണുഗോപാൽ

Published on Aug 15, 2026, 01:15 AM | 1 min read

മങ്കൊമ്പ്

പുന്നമടയിലെ ആദ്യപോരിൽ പാതിക്ക്‌ മുങ്ങി നെട്ടായത്തിന്റെ ഉള്ളറിഞ്ഞ ചുണ്ടൻ. പിന്നീട്‌ തൊട്ടതെല്ലാം പൊന്നാക്കിയ ഏഴുപതിറ്റാണ്ട്‌. കുട്ടനാടിന്റെ കൈക്കരുത്തിന്‌ പെട്ടെന്നൊന്നും വഴങ്ങാത്ത പുന്നമട നെട്ടായം കാരിയോളം കീഴടക്കിയ മറ്റൊരാളില്ല. ആരും കൊതിക്കുന്ന വെള്ളിക്കിരീടം 16 തവണ നേടിയ കരുത്തൻ. പുന്നമടയുടെ ചക്രവർത്തി – കാരിച്ചാൽ ചുണ്ടൻ. ഇക്കുറി നെഹ്റുട്രോഫി ജലമേളയിൽ കാരിച്ചാൽ ചുണ്ടൻ മത്സരിക്കാനെത്തുന്നത്‌ തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ കൈക്കരുത്തിലാണ്. പുന്നമട സ്‌റ്റാർട്ടിങ്‌ പോയിന്റിന്‌ സമീപത്തെ ക്യാമ്പിൽ കഠിന പരിശീലനത്തിലാണ്‌ 20 അതിഥിതാരങ്ങളുൾപ്പെടെ 110 താരങ്ങൾ. പുന്നമടക്കായലിൽ രാവിലെയും വൈകിട്ടുമായി 20 ദിവസത്തെ കഠിന പരിശീലനമാണ് താരങ്ങൾക്ക് നൽകുന്നത്. ശ്യാംകുമാറാണ്‌ ലീഡിങ്‌ ക്യാപ്റ്റൻ. ലിനു പാലാത്രയും നൈഥൻ പാലാത്രയും ക്യാപ്‌റ്റൻമാർ. ഷിജു ഒന്നാം തുഴയും ലാൽജി പുന്നമട ഒന്നാം പങ്കായവുമാണ്. 53 കാൽ കോൽ നീളവും 51 അംഗുലം വീതിയുമുള്ള 82 തുഴക്കാരും അഞ്ച്‌ അമരക്കാരും രണ്ട്‌ ഇടിയന്മാരും മൂന്ന്‌ താളക്കാരുമാകും ചുണ്ടന്റെ ഘടന. കോവിൽമുക്ക് നാരായണനാചാരിയുടെ കരവിരുതിൽ 1970ൽ നീരണിഞ്ഞ കാരിച്ചാൽ ചുണ്ടൻ തൊട്ടടുത്ത വർഷംമുതൽ പുന്നമടയിലെത്തി. 50 മത്സരത്തിൽ 32 തവണയും ഫൈനലിൽ. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016, 2024 എന്നിങ്ങനെ 16 കിരീടം. 440 ഓഹരി ഉടമകളുടെ ഉടമസ്ഥതയിലാണ്‌ ചുണ്ടൻ. 2023ൽ പുതുക്കിനിർമിച്ചു. 2024–ൽ 4.14.35 എന്ന എഴുപതാണ്ടിലെ റെക്കോഡ്‌ സമയംകുറിച്ചു. ക്ലബ് പ്രസിഡന്റ് ലിജോ പാലാത്രയുടെയും സെക്രട്ടറി പ്രദീപ് കുമാറിന്റെയും നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home