നീലാകാശംനിറഞ്ഞ് നവാസ്

‘നീലാകാശംനിറയെ’ ചിത്രത്തിൽ കലാഭവൻ നവാസ്
ബി സുശിൽ കുമാർ
ആലപ്പുഴ
ഒറ്റസിനിമയിലെ നായകവേഷത്തിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ നടനായിരുന്നു അകാലത്തിൽ ഹൃദയാഘാതംമൂലം വിടപറഞ്ഞ കലാഭവൻ നവാസ്. നിരവധി സിനിമകളിൽ ശ്രദ്ധേയവേഷംചെയ്ത കലാഭവൻ നവാസ് നായകനായി അഭിനയിച്ചത് ഒരേ ഒരു സിനിമയിൽ. ആലപ്പുഴക്കാരനായ എ ആർ കാസിം സംവിധാനംചെയ്ത് ആലപ്പുഴക്കാരിയായ ഉഷ പൂക്കായി നിർമിച്ച് 2001-ൽ തിയറ്ററുകളിൽ എത്തിയ ‘നീലാകാശം നിറയെ’ എന്ന ചിത്രത്തിലാണ് നവാസ് നായകനായത്. അതിൽ നായികാവേഷംചെയ്ത രഹനയാണ് പിന്നീട് കലാഭവൻ നവാസിന്റെ ജീവിതപങ്കാളിയായത്. നാട്ടിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് വിദേശത്തുനിന്ന് നാട്ടിലെത്തുന്ന ഉണ്ണി എന്ന ചെറുപ്പക്കാരൻ ആമിന എന്ന മുസ്ലിം പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതും തുടർന്നുള്ള പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സിനിമയിൽ കലാഭവൻ നവാസിനെയും രഹനയെയുംകൂടാതെ മുരളി, സായികുമാർ, ക്യാപ്റ്റൻ രാജു, ബാബുനമ്പൂതിരി, ടോണി, അഗസ്റ്റിൻ, ശാലു കൂറ്റനാട്, സീനത്ത്, കണ്ണൂർ ശ്രീലത എന്നിവരും പ്രധാന വേഷങ്ങൾചെയ്യുന്നു. വയലാർ ശരച്ചന്ദ്രവർമ, കൈതപ്രം എന്നിവരുടേതാണ് ഗാനങ്ങൾ. യേശുദാസ്, ചിത്ര, ലാലു ചെറിയാൻ എന്നിവരാണ് പാടിയത്. ആലപ്പി ജിമ്മിയാണ് സംഗീതം. കഥയും തിരക്കഥയും സംഭാഷണവും കലവൂർ രവികുമാറാണ്. ക്യാമറ ജ്യോതികുമാറും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആന്റോ ജോസഫും എഡിറ്റിങ് രഞ്ജൻ എബ്രഹാമുമാണ്.









0 comments