ad
Deshabhimani

വീണ്ടുമെത്തി വിസ്‌മയം വിൽക്കുന്നവർ

Mullackal Chirappu

മുല്ലയ്‍ക്കൽ തെരുവിൽ ബലൂണുകൾ വിൽക്കുന്ന 
രാജസ്ഥാൻ സ്വദേശികളായ സഞ്ജുവും ലീലയും

avatar
അഞ്‌ജലി ഗംഗ

Published on Dec 18, 2024, 11:50 PM | 1 min read

ആലപ്പുഴ
‘എല്ലാ കൊല്ലവും മുല്ലയ്ക്കൽ ചിറപ്പിന്‌ ഞങ്ങളെത്തും. 10 ദിവസം ആലപ്പുഴയിലുണ്ടാകും. കേരളത്തിൽ ഇനിവരുന്ന എല്ലാ ഉത്സവങ്ങളിലും ഞങ്ങളുണ്ടാകും’ ഹിന്ദിയും രാജസ്ഥാനിയും കലർത്തി ചമ്പയും ഹനുമാനും പറഞ്ഞു. ഇരുവരും രാജസ്ഥാനിലെ അജ്‌മീറിൽനിന്നാണ്‌ ആലപ്പുഴയിലെത്തിയത്‌. വിഗ്രഹങ്ങളും കാർട്ടൂൺ ബലൂണുകളും മഴവിൽ നിറങ്ങളിൽ മിന്നുന്ന ബലൂണുകളുമായാണ്‌ കച്ചവടം. കുഞ്ഞുങ്ങളും മുതിർന്നവരുമെല്ലാം വൈകിട്ടോടെ ഇവരുടെ ചുറ്റുംകൂടുകയാണ്‌. ജില്ലാ കോടതി പാലത്തിന്‌ സമീപം കുടുംബത്തോടെയാണ്‌ രാജസ്ഥാൻസംഘം എത്തിയത്‌. എല്ലാസംസ്ഥാനങ്ങളിലും ഉത്സവങ്ങളിൽ കച്ചവടംചെയ്യുന്ന മാർവാടികളും ചിറപ്പിന്‌ വന്നിട്ടുണ്ട്‌. തിളങ്ങുന്ന കണ്ണാടിയും തലയിൽ മിന്നുന്ന തൂവൽ കിരീടവുമൊക്കെയായി കച്ചവടം പൊടിപൊടിക്കുമ്പോഴും വെറും തുണിയിൽ തലചായ്‌ച്ച്‌ അന്നന്നത്തെ ആഹാരവും അവിടെത്തന്നെ പാകംചെയ്താണ്‌ കഴിയുന്നത്‌. കമ്മലുകളുമായാണ്‌ കാജൽ എത്തിയത്‌. കഴിഞ്ഞ ഒമ്പത്‌ വർഷമായി കാജൽ ആലപ്പുഴയിൽ ചിറപ്പിന്‌ എത്തുന്നു. കമ്മലുകൾക്ക്‌ 40മുതൽ 200 രൂപവരെയാണ്‌ വില. കുടുംബത്തിനൊപ്പമാണ്‌ സഞ്ചാരം. അടുത്തത്‌ ശിവഗിരിയിലേക്കാണെന്ന്‌ കാജൽ പറഞ്ഞു. തമിഴ്‌നാട്ടിലെ സേലം, തേനി ജില്ലകളിൽനിന്നും കച്ചവടക്കാർ എത്തിയിട്ടുണ്ട്‌. കൊലുസുകളും മാലയും മോതിരവും വളകളുമാണ്‌ വിൽക്കുന്നത്‌. ‘അച്ഛനാണ്‌ ഉത്സവങ്ങൾക്ക്‌ കേരളത്തിൽ ആദ്യമെത്തിയത്‌. അതുഞങ്ങളും തുടരുകയാണ്‌. 15–-ാം കൊല്ലമാണ്‌ ആലപ്പുഴയിൽ ചിറപ്പിനെത്തുന്നത്‌’ മധുര സ്വദേശിനി പവിത്ര പറയുന്നു. കരിമ്പ്‌ ജ്യൂസും ചോളവും മുളക്‌ ബജിയും പാനിപൂരിയുമെല്ലാമായി ഭക്ഷണക്കടകളിലും തിരക്കേറുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home