മുഹമ്മയുടെ അക്ഷയശ്രീ

അക്ഷയശ്രീ അവാർഡ് ലഭിച്ച റിട്ട. അധ്യാപിക ഇ പി മിനികുമാരി കൃഷിയിടത്തിൽ
മുഹമ്മ
രണ്ടരയേക്കർ മണ്ണിൽ വൈവിധ്യമാർന്ന കൃഷികളിലൂടെ ഹരിതസമൃദ്ധിയുടെ നിറകണിയൊരുക്കുന്ന അധ്യാപികയ്‌ക്ക് അക്ഷയശ്രീ പുരസ്‌കാരം. മുഹമ്മ കെപിഎം യുപി സ്കൂളിൽനിന്ന് മൂന്നുവർഷം മുമ്പ് പ്രഥമാധ്യാപികയായി വിരമിച്ച നവനീതം ഇ പി മിനികുമാരിയാണ് അവാർഡിനർഹയായത്. സരോജിനി - ദാമോദരൻ ഫൗണ്ടേഷൻ സംസ്ഥാനത്തെ ജൈവകർഷകർക്കായി ഏർപ്പെടുത്തിയ അവാർഡിൽ ജില്ലാതല പുരസ്‌കാരമാണ് മിനികുമാരിക്ക് ലഭിച്ചത്. അരലക്ഷം രൂപയും ഉപഹാരവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ദിവസേന പത്തുമണിക്കൂറിലേറെയാണ് മിനി മണ്ണിൽ ചെലവഴിക്കുന്നത്. മംഗളാപുരം ജങ്ഷന് സമീപം ഒന്നര ഏക്കറിലും മുഹമ്മ പാന്തേഴത്ത് കുടുംബവീടിനോട് ചേർന്ന് ഒരേക്കറിലുമാണ് കൃഷി. ഫാംഹൗസിൽ 600 ലേറെ വിവിധയിനം വാഴ, മോഹിത് നഗർ കവുങ്ങുകൾ, നൂറോളം തെങ്ങ്, റോയൽ ലേഡി, റെഡ് ലേഡി പപ്പായ, ശീതകാല പച്ചക്കറികൾ, പാവൽ, പച്ചമുളക്, പീച്ചിൽ, കുക്കുമ്പർ തുടങ്ങിയവയാൽ കൃഷിയിടം സമൃദ്ധം.ജാതി, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ ഇടവിളകളും. പശു, വിവിധയിനം ആടുകൾ, കോഴി എന്നിവയെയും വളർത്തുന്നു. മുഹമ്മയിലെ ഒരേക്കറിൽ കൂടുതലും ഫലവർഗങ്ങളാണ്. ചാമ്പ, പേര, മാവ് ഇവ കൂടാതെ പച്ചക്കറികളും തെങ്ങും കൃഷിചെയ്യുന്നുണ്ട്. ഫാമിൽതന്നെ ഈ കർഷക തയ്യാറാക്കുന്ന ജൈവവളം ഉപയോഗിച്ചാണ് കൃഷി. മംഗളാപുരത്തെ കൃഷിയിടത്തിലെ ചൊരിമണലിനെ വളക്കൂറുള്ള മണ്ണാക്കി. ജില്ലാ മണ്ണ് പര്യവേഷണ കേന്ദ്രം പഠനത്തിനായി ഈ കൃഷിയിടം തെരഞ്ഞെടുത്തിട്ടുണ്ട്. രണ്ടുമാസം കൂടുമ്പോൾ 700 നാളികേരം കിട്ടുന്നു. കായംകുളം സിപിസിആർ കേന്ദ്രവും പഠനം നടത്തുന്നു. വിളവെടുക്കുന്നവ മിനി തന്നെയാണ് ഇരുചക്രവാഹനത്തിൽ കടകളിലെത്തിക്കുന്നത്. എക്സൈസ് ഇൻസ്‌പെക്ടറായി വിരമിച്ച ഭർത്താവ് വിജയനാഥപണിക്കരും ഒരു സ്ത്രീ തൊഴിലാളിയും സഹായത്തിനുണ്ട്.










0 comments