6 കാറും കാരവനും ലേലംപോയി
മോൻസൺ മാവുങ്കലിന്റെ വാഹനങ്ങൾ ലേലത്തിൽ വിറ്റു

പൊലീസ് പിടിച്ചെടുത്ത മോൻസൺ മാവുങ്കലിന്റെ വാഹനങ്ങൾ ലേലത്തിൽ വാങ്ങിയവർ ചേർത്തല പൊലീസ് സ്‌റ്റേഷൻ പരിസരത്തുനിന്ന് കൊണ്ടുപോകുന്നു
ചേർത്തല
പുരാവസ്‌തു–സാമ്പത്തിക തട്ടിപ്പിനും ലൈംഗികപീഡനത്തിനും പിടിയിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ആഢംബര വാഹനങ്ങൾ ലേലത്തിൽ വിറ്റു. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് പുനരുപയോഗ അവകാശമില്ലാതെ ആക്രിയായി വിറ്റത്. ബോളിവുഡ് താരം കരീന കപൂർ ഉപയോഗിച്ചിരുന്ന പോർഷെ ഉൾപ്പെടെ ആറ് കാറും കാരവനുമാണ് ചേർത്തല പൊലീസ് സ്‌റ്റേഷനിൽനിന്ന് ലേലംകൊണ്ടവർക്ക് കൈമാറിയത്. ഒരുവർഷത്തോളമായി സർക്കാർതലത്തിലെ നടപടികൾക്ക് ഒടുവിലാണ് വാഹനങ്ങൾ നീക്കിയത്. ആലപ്പുഴ വലിയമരം മട്ടുപ്പാവിൽ എന്റർപ്രൈസസിലെ ഷാനു ഭൂട്ടോയാണ് വാഹനങ്ങൾ ലേലത്തിൽ എടുത്തത്. തട്ടിപ്പിനിരയായ മാവേലിക്കരയിലെ വ്യവസായിയുടെ പരാതിയിലാണ് മോൻസണിന്റെ വാഹനങ്ങൾ 2020 ആഗസ്‌തിൽ പൊലീസ് കസ്‌റ്റഡിയിലെടുത്തത്. അതിനുശേഷമാണ് ഇയാളുടെ മറ്റ് തട്ടിപ്പുകൾ വെളിപ്പെട്ടതും പിടിയിലായതും. ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെ സെലിബ്രിറ്റികൾ ഉപയോഗശേഷം കൈമാറിയ ആഡംബരവാഹനങ്ങൾ പലകുറി കൈറിഞ്ഞാണ് മോൻസണിന്റെ കൈവശം എത്തിയത്. ഇവ വൻതുക ഇൗടാക്കി വാടകയ്‌ക്ക് നൽകിയിരുന്നു. ചേർത്തല സ്വദേശി മോൻസൺ എറണാകുളം കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. ചേർത്തലയിലെ വീട്ടിലും സമീപത്തും സൂക്ഷിച്ച വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. ചേർത്തല പൊലീസ് സ്‌റ്റേഷന് പിന്നിൽ റോഡുവക്കിലാണ് ഇത്രയുംനാൾ വാഹനങ്ങൾ പൊലീസ് സൂക്ഷിച്ചത്.











0 comments