അനുസ്‌മരിച്ചത് ആളുമാറി ജി
സുധാകരനെ വേദിയിൽ തിരുത്തി ആർ രാജീവിന്റെ ബന്ധുക്കൾ

ആലപ്പുഴ
അനുസ്‌മരണ ചടങ്ങിൽ ആളുമാറി പ്രസംഗിച്ച് അപഹാസ്യനായി ജി സുധാകരൻ എംഎൽഎ. എംഎൽഎയുടെ അനുസ്‌മരണം പരിധി വിട്ടതോടെ ബന്ധുക്കളടക്കം വേദിയിലുണ്ടായിരുന്നവർ ഇടപെട്ട് തിരുത്തി. പഴവീട് വിജ്ഞാനപ്രദായനി വായനശാലയിൽ ആർ രാജീവ് ഫൗണ്ടേഷൻ സംഘടിപ്പിച്ച 10–ാമത് ആർ രാജീവ് പുരസ്കാര ദാന, അനുസ്മരണ ചടങ്ങിനിടെയാണ് ഉദ്‌ഘാടകനായ സുധാകരൻ ആളുമാറി അനുസ്‌മരിച്ചത്. 10 വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ച യുവസംരംഭകനും അപൂർവ്വ രക്ത ഗ്രൂപ്പ് ദാതാക്കളുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റുമായ ആർ രാജീവിനെ അനുസ്‌മരിക്കാനായിരുന്നു ചടങ്ങ്. എന്നാൽ ജി സുധാകരൻ അനുസ്‌മരിച്ചത് അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് ആർ രാജീവിനെ. ഗാന്ധിയുടെ മൂല്യങ്ങളുയർത്തിപ്പിടിച്ച് ഖാദിയണിഞ്ഞ് നഗ്നപാദനായി പൊതുപ്രവർത്തനം നടത്തിയ ആളാണ് ആർ രാജീവ് എന്നെല്ലാം തട്ടിവിടുമ്പോഴായിരുന്നു വേദിയിൽനിന്നുതന്നെ തിരുത്തുവന്നത്. പുരസ്‌കാര ജേതാക്കളും ബന്ധുക്കളും തിരുത്തിയതോടെ ഇളിഭ്യനായ എംഎൽഎ ബാക്കി പ്രസംഗത്തിൽ പതിവുപോലെ സിപിഐ എമ്മിനെ കുറ്റംപറഞ്ഞ് തടിതപ്പാനായി ശ്രമം. ഗ്രന്ഥശാല ഓഡിറ്റോറിയത്തിലെ ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ജി പുഷ്‌പരാജൻ അധ്യക്ഷനായി. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ആന്റണി എം ജോൺ രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി. കെ എൻ ബാൽ മുഖ്യാതിഥിയായി. മുനിസിപ്പൽ കൗൺസിലർമാരായ ഒ പി ഷാജി, ജ്യോതിമോൾ, ശ്രീജിത് ഗോപി, ആർ പ്രദീപ്, പി എ സെബാസ്റ്റ്യൻ, മാക്കിയിൽ അസീസ് എന്നിവർ സംസാരിച്ചു. കർമ ശ്രേഷ്ഠ പുരസ്കാരം സാമ്പത്തിക വിദഗ്ദ്ധൻ ഡോ. ടി ടി ശ്രീകുമാറിന് എംഎൽഎ നൽകി. സദ്സേവനപുരസ്കാരം റെഡ് ക്രോസ് സൊസൈറ്റി അമ്പലപ്പുഴ താലക്ക് ജനറൽ സെക്രട്ടറി ആന്റണി എം ജോണിന് മുനിസിപ്പൽ ചെയർപേഴ്സൺ മോളി ജേക്കബ്ബും അക്ഷയ സംരംഭകർക്കുള്ള പുരസ്കാരങ്ങളും വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരങ്ങളും റിട്ട. എസ്‌പി കെ എൻ ബാലും സമ്മാനിച്ചു. ജനറൽ സെക്രട്ടറി ജി രാജേന്ദ്രൻ സ്വാഗതവും ട്രഷറർ ഡോ. ജിഷ്ണു നന്ദിയും പറഞ്ഞു.










0 comments