തലയ്‌ക്കും താടിയെല്ലിനും പരിക്ക്
മധ്യവയസ്കനെ 5 പേർ വളഞ്ഞിട്ട് ആക്രമിച്ചു

തൈക്കാട്ടുശേരി ബെവ്‌കോ ഒൗട്ട്‌ലെറ്റ് വളപ്പിൽ അഞ്ചംഗംസംഘം അനീഷ്‌കുമാറിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു
സ്വന്തം ലേഖകൻ
Published on Jul 30, 2026, 01:18 AM | 1 min read
ചേർത്തല
തൈക്കാട്ടുശേരി ബിവറേജസ് ഒൗട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയ മധ്യവയസ്‌കനെ അഞ്ചംഗസംഘം വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചു. അക്രമിസംഘത്തിലെ ചിലർ മദ്യം വാങ്ങാൻ വരിതെറ്റിച്ച് കയറിയത് വരിനിന്ന വയോധികൻ ചോദ്യംചെയ്‌തതിലെ തർക്കം ഒഴിവാക്കാൻ ഇടപെട്ടയാളെയാണ് മൃഗീയമായി ആക്രമിച്ചത്. സ്വകാര്യസ്‌ഥാപനത്തിലെ ഡ്രൈവർ തൈക്കാട്ടുശേരി ശാന്തിക്കവല മഠത്തിൽവെളി അനീഷ്‌കുമാർ(43) ആണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ഞായർ വൈകിട്ടാണ് സംഭവം. അനീഷ്‌കുമാർ മദ്യം വാങ്ങിയിറങ്ങുമ്പോഴാണ് ചിലർ വരിതെറ്റിച്ച് കയറിയത് വയോധികൻ ചോദ്യംചെയ്‌തത്. ഇദ്ദേഹത്തോട് അഞ്ചംഗസംഘം ഒച്ചപ്പാടായപ്പോൾ അനിഷ്‌ടസംഭവം ഒഴിവാക്കാൻ അനീഷ്‌കുമാർ ഇടപെട്ടു. വയോധികനെ അനീഷ്‌കുമാർ പിടിച്ചുമാറ്റി. ഇതോടെയാണ് അഞ്ചംഗസംഘം അനീഷ്‌കുമാറിനെ വളഞ്ഞിട്ട് ഭീകരമായി ആക്രമിച്ചത്. വളഞ്ഞിട്ട് അടിക്കുകയും ഇടിക്കുകയുംചെയ്‌തു. താഴെവീണപ്പോൾ ചവിട്ടുകയും ഹെൽമെറ്റ് മുഖത്തെറിയുകയുംചെയ്‌തു. പിന്നീട് ഹെൽമറ്റെടുത്ത് അടിച്ചു. ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചായിരുന്നു ആക്രമണം. സ്ഥലത്തുണ്ടായിരുന്നവർ ഭയന്ന് കാഴ്‌ചക്കാരായി. പൂച്ചാക്കൽ പൊലീസെത്തി അനീഷ്‌കുമാറിനെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സനൽകി. തലയ്‌ക്ക് രണ്ട് തുന്നൽവേണമെന്ന് ഡോക്‌ടർ പറഞ്ഞെങ്കിലും പിന്നീട് സുഹൃത്തുമായി സ്വകാര്യ ആശുപത്രിയിൽ പോയാണ് തുന്നലിട്ടത്. താടിയെല്ലിനും പരിക്കുണ്ട്. അക്രമികളെ ഭയന്ന് പരാതിയില്ലെന്ന് അനീഷ്‌കുമാർ അന്ന് പൊലീസിനോട് പറഞ്ഞു. ബുധനാഴ്‌ച ഉച്ചവരെ ജോലിക്ക് പോകുകയുംചെയ്‌തു. ആക്രമണത്തിന്റെ ആരെയും ഞെട്ടിക്കുന്ന വീഡിയോദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് ഉണർന്നത്. വൈകിട്ട് അനീഷ്‌കുമാറിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു. കണ്ടാലറിയുന്ന അഞ്ച് പേർക്കെതിരെ കേസെടുത്തു. ബെവ്‌കോ ഒൗട്ട്‌ലെറ്റിൽ നേരത്തെയും പ്രശ്‌നം ഉണ്ടാക്കിയവരായ പ്രതികളെക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. വീഡിയോദൃശ്യം ശ്രദ്ധിച്ച നാട്ടുകാരും സുഹൃത്തുക്കളും പരാതിപ്പെടാൻ ധൈര്യം പകർന്നെന്ന് അനീഷ്‌കുമാർ പറഞ്ഞു.










0 comments