പോരാട്ട സ്മരണ ജ്വലിച്ചു; നാടുണർത്തി ദീപശിഖ

ആലപ്പുഴ
രക്തസാക്ഷികളുടെ രണസ്മരണകൾ നെഞ്ചിലേറ്റി, വിപ്ലവവീര്യത്തിന്റെ ജ്വാല പടർത്തി, പുന്നപ്ര–വയലാർ സമരഭൂമിയുടെ പോരാട്ടവീര്യം ആവാഹിച്ച് ദീപശിഖാ പ്രയാണം നാടിനെ ഇളക്കിമറിച്ചു. ചുവപ്പിന്റെ കനലണയാത്ത ഓർമകൾക്കും ത്യാഗത്തിന്റെ തീക്ഷ്ണചരിത്രത്തിനും സാക്ഷിയായി ആയിരങ്ങൾ അണിനിരന്നപ്പോൾ വഴിയോരങ്ങൾ ആവേശക്കടലായി. മുദ്രാവാക്യങ്ങൾ ആകാശമുയർത്തി, പുഷ്പവർഷവും പടക്കമുഴക്കവും വരവേറ്റപ്പോൾ രണധീരരുടെ സമരസ്മരണകൾക്ക് നാടൊന്നാകെ അഭിവാദ്യമർപ്പിച്ചു. വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ആവേശം മുറ്റിയ മുദ്രാവാക്യങ്ങളുടെ അകമ്പടിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ദീപം പകർന്നു. അത്ലീറ്റ് പ്രതാപൻ ഏറ്റുവാങ്ങി പ്രയാണമാരംഭിച്ചു. വലിയചുടുകാടിൽ നടന്ന ചടങ്ങിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ് ഐസക്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാന്, സംസ്ഥാന കമ്മിറ്റിയംഗം കെ പ്രസാദ്, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, സിപിഐ ദേശീയ കൗൺസിൽ അംഗങ്ങളായ പി പ്രസാദ്, ടി ജെ അഞ്ചലോസ്, ജില്ലാ സെക്രട്ടറി എസ് സോളമൻ, വാരാചരണ കമ്മിറ്റി പ്രസിഡന്റ് പി പി ചിത്തരഞ്ജൻ, സെക്രട്ടറി ആർ സുരേഷ്, നേതാക്കളായ എച്ച് സലാം, എ എം ആരിഫ്, ജി ഹരിശങ്കർ, കെ ജി രാജേശ്വരി, എ മഹേന്ദ്രൻ, എം സത്യപാലൻ, കെ ആർ ഭഗീരഥൻ, മനു സി പുളിക്കൽ, കെ രാഘവൻ, വി ജി മോഹനൻ, ശ്രീകുമാർ ഉണ്ണിത്താൻ, അജയസുധീന്ദ്രൻ, പി പി പവനൻ, സി എ അരുൺകുമാർ, പി വി സത്യനേശൻ, പി എസ് എം ഹുസൈൻ, ദീപ്തി അജയകുമാർ, അഡ്വ. വി മോഹൻദാസ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് എന്നിവർ പങ്കെടുത്തു. കൈചൂണ്ടിയിൽ ജനാർദനന്റെ രക്തസാക്ഷിമണ്ഡപത്തിലും മാരാരിക്കുളം രക്തസാക്ഷിമണ്ഡപത്തിലും ദീപം പകർന്നശേഷം പകൽ 12.15 ഓടെ പ്രയാണം വയലാർ രണഭൂമിയിലെത്തി. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖ സിപിഐ എം മുതിർന്ന നേതാവ് കെ വി ദേവദാസ് അത്ലീറ്റ് വിധുൻ വികാസിന് കൈമാറി. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ മനു സി പുളിക്കൽ, എ എം ആരിഫ്, കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ, സെക്രട്ടറി എൻ പി ഷിബു, പി കെ സാബു, പി ഡി ബിജു, ടി എം ഷെരീഫ്, മേനാശേരി വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ, സെക്രട്ടറി ടി കെ രാമനാഥൻ, എസ് പി സുമേഷ്, പി സി ബൈജു എന്നിവർ പങ്കെടുത്തു. വാദ്യമേളങ്ങൾ, ദൃശ്യകലാപരിപാടികൾ തുടങ്ങിയവയാടെ വാഹനങ്ങളുടെ അകമ്പടിയിൽ വയലാർ രക്തസാക്ഷി മണ്ഡപത്തിലേക്ക്. വിവിധ കേന്ദ്രങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തി. കേന്ദ്ര വാരാചരണക്കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ ദീപശിഖകൾ ഏറ്റുവാങ്ങി സ്ഥാപിച്ചു.









0 comments