സ്ഥാനമൊഴിയുന്ന ദിവസം പരിശോധന
തിരുവാഭരണം മോഷ്ടിച്ച മേൽശാന്തി കുടുങ്ങി

മാന്നാർ
കുട്ടമ്പേരൂർ കുന്നത്തൂർ ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച മേൽശാന്തി പിടിയിൽ. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരി (59) യെയാണ് മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാധാകൃഷ്ണൻ നമ്പൂതിരി മേൽശാന്തി സ്ഥാനം ഒഴിയാനിരിക്കെയാണ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ പരാതി ഉയർന്നിരുന്നു. സ്ഥാനം ഒഴിയുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ ഔദ്യോഗിക റിസീവർ അഡ്വ. എം ശ്രീലേഖ നടത്തിയ കണക്കെടുപ്പിൽ തിരുവാഭരണത്തിൽ സംശയം തോന്നി. അപ്രൈസർ മുന്നിൽ തിരുവാഭരണം പരിശോധിച്ചപ്പോൾ മൂന്നു പവൻ ആഭരണങ്ങൾ മോഷണം പോയതായും പകരം ഡ്യൂപ്ലിക്കേറ്റ് വച്ചതാണെന്നും കണ്ടെത്തി. മാന്നാർ പൊലീസിന്റെ ചോദ്യംചെയ്യലില്‍ മേൽശാന്തി കുറ്റം സമ്മതിച്ചു. മാലവിറ്റെന്നും ലോക്കറ്റുകൾ പണയംവച്ചതായും രാധാകൃഷ്ണൻ നമ്പൂതിരി പൊലീസിനോട് സമ്മതിച്ചു. മാന്നാർ എസ്എച്ച്ഒ എസ് വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.









0 comments