മെഡിക്കൽ കോളേജിനും മികവേറി

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‍പെഷ്യാലിറ്റി ബ്ലോക്ക്
ആലപ്പുഴ
ഗവ. മെഡിക്കൽ കോളേജ് ആശുപത്രി എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ കൈവരിച്ചത് അഭിമാനകരമായ നേട്ടങ്ങൾ. പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ 351.54 കോടിയുടെ വികസനപ്രവർത്തനങ്ങളിൽ 80 ശതമാനവും പൂർത്തിയാക്കി. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 173.18 കോടി രൂപ ചെലവിട്ടു. 2023 ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ബ്ലോക്ക് നാടിന് സമർപ്പിച്ചു. 200 കിടക്ക, 50 ഐസിയു കിടക്ക, എട്ട് മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, ആറ് പോസ്‌റ്റ് കാത്ത് ഐസിയു, പ്ലാസ്‌റ്റിക് സർജറി വിഭാഗവും ആരംഭിച്ചു. 2024ൽ പുതിയതായി എട്ട് ഡോക്‌ടർമാരുടെ തസ്‌തികയും തുടർന്ന് 40 നഴ്സുമാർ ഉൾപ്പെടെ 50 ജീവനക്കാരുടെ തസ്‌തികയും വ്യവസ്ഥകളോടെ അനുവദിച്ചു. ആശുപത്രിയിലെ ഗൈനക്കോളജി, നവജാതശിശു വിഭാഗം ബ്ലോക്കിന് 30 കോടി ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ആധുനിക മോഡുലാർ തിയേറ്റർ, പുതിയ ഗൈനക്കോളജി ഐസിയു, പുതിയ ന്യൂ ബോൺ ഐസിയു എന്നിവയും ഇതോടൊപ്പമുണ്ട്. പക്ഷാഘാത ചികിത്സയ്‌ക്ക് നൂതനസംവിധാനം ഒരുക്കുന്നതിന് അഞ്ചുകോടി ചെലവിൽ കോംപ്രിഹെൻസീവ് സ്ട്രോക്ക് യൂണിറ്റിന്റെ നിർമാണം പുരോഗമിക്കുന്നു. എച്ച് സലാം എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടും ഡിപ്പാർട്ട്മെന്റ് ഫണ്ടുമുൾപ്പടെ 1.5 കോടി ഉപയോഗിച്ച് രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രം പൂർത്തിയാക്കി. ഭിന്നശേഷി സൗഹൃദമായാണ് ഇതിന്റെ നിർമാണം. 10 കോടി ചെലവിൽ പൂർത്തിയാക്കുന്ന പുതിയ ഡ്രഗ്‌സ്‌റ്റോറിന്റെ നിർമാണവും ആരംഭിച്ചു. പേ വാർഡ് നിർമാണത്തിന് 4.86 കോടി രൂപയും അനുവദിച്ചു. വിവിധ അപകടങ്ങളിൽപ്പെട്ട് എത്തുന്നവരുടെ ജീവൻ രക്ഷിക്കാൻ ആധുനികസൗകര്യങ്ങളോടെ പുതിയ ട്രോമാകെയർ ബ്ലോക്ക് നിർമാണം പുരോഗതിയിലാണ്. 34.8 കോടിരൂപയാണ് ഇതിനായി അനുവദിച്ചത്. ഡയാലിസിസ് യൂണിറ്റിന് 25 ലക്ഷം രൂപയും അനുവദിച്ചു.









0 comments