കോവിഡിൽ ക്ഷേത്രങ്ങൾക്ക് ചെലവഴിച്ചത് 670 കോടി: മന്ത്രി വാസവൻ

അമ്പലപ്പുഴ
കോവിഡ് കാലത്ത് 670 കോടി രൂപ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ വികസനപ്രവർത്തനങ്ങൾക്കും ജീവനക്കാർക്ക് ശമ്പളം നൽകാനുമായി സർക്കാർ ചെലവഴിച്ചതായി മന്ത്രി വി എൻ വാസവൻ പറഞ്ഞു. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രത്തിൽ മണ്ഡലം വികസന മഹോത്സവം 2.0 ഭാഗമായി ഒരുകോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം നിർമാണം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ശബരിമല ഇടത്താവളങ്ങൾക്ക് 146 കോടി രൂപയും പുതിയ മാസ്‌റ്റർപ്ലാനിന് 1200 കോടി രൂപയുമാണ് സർക്കാർ ചെലവഴിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പിൽഗ്രിം സെന്റർ നിർമാണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. ലോകം അംഗീകരിക്കുന്ന ഒരു പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായി കേരളം മാറി. മാറ്റത്തിന്റെ ഫലമായി 2.5 കോടിയിലധികം വിനോദസഞ്ചാരികളാണ് നമ്മുടെ കേരളം കാണാനെത്തിയത്– റിയാസ് പറഞ്ഞു. 17,300 ചതുരശ്രഅടിയിൽ ഇരുനിലകളിലായാകും പിൽഗ്രിം സെന്റർ നിർമാണം. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് (കിഡ്ക്) നിർമാണച്ചുമതല. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കവിത, വൈസ്‌പ്രസിഡന്റ് ഗീത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അനിൽ പാഞ്ചജന്യം, എ ഓമനക്കുട്ടൻ, പഞ്ചായത്തംഗം ഹരികൃഷ്‌ണൻ, ക്ഷേത്രം അസിസ്‌റ്റന്റ് കമീഷണർ ഈശ്വരൻനമ്പൂതിരി, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്‌ണൻ, സെക്രട്ടറി ആർ രാജീവ്, കെഐഐഡിസി മാനേജർ കെ പി ഹരൺ ബാബു, അമ്പനാട്ടുപണിക്കരുടെ പിൻതലമുറക്കാരൻ ശശികുമാർ, സി ഷാംജി, സി രാധാകൃഷ്‌ണൻ, പി അരുൺകുമാർ എന്നിവർ സംസാരിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അജിത്കുമാർ സ്വാഗതം പറഞ്ഞു.











0 comments