ad
Deshabhimani

വയലിനെ കാത്ത വലിയ പോരാട്ടങ്ങൾ

Karshakasamkam
avatar
അഞ്‌ജുനാഥ്‌

Published on Sep 11, 2026, 02:43 AM | 1 min read

ആലപ്പുഴ

കുട്ടനാടൻ വയലേലകളിൽ കർഷകരും കർഷകത്തൊഴിലാളികളും ആരംഭിച്ച നെൽവയൽ സംരക്ഷണ സമരത്തിന്‌ നാലുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുണ്ട്‌. നെൽക്കൃഷി ലാഭകരമല്ലെന്നും അതിനാൽ വയലുകൾ നികത്തി റബറും തെങ്ങുമൊക്കെ കൃഷിചെയ്യണമെന്നും ആവശ്യപ്പെട്ട്‌ ഐക്യജനാധിപത്യമുന്നണി സർക്കാർ വയലുകൾ ഇല്ലാതാക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. ഇതോടെ കേരളീയരുടെ മുഖ്യഭക്ഷണമായ അരിയുടെ ലഭ്യത അപകടകരമായ രീതിയിൽ കുറയുന്ന നിലയിലായി. 1970 കളുടെ തുടക്കത്തിൽ 8.25 ലക്ഷം ഹെക്‌ടറിൽ നെല്ല്‌ വിളയിച്ചിരുന്നത്‌ 1980 ആയപ്പോൾ ആറ്‌ ലക്ഷം ഹെക്‌ടറിലും താഴെയായി. ജില്ലയിലെ മറ്റെല്ലാ സമരങ്ങളെയും പോലെ നെൽവയൽ സംരക്ഷണ സമരത്തെയും മുന്നിൽനിന്ന്‌ നയിച്ചത്‌ വി എസ്‌ അച്യുതാനന്ദനായിരുന്നു. 1982 ൽ കാവാലത്ത്‌ നെൽവയൽ സംരക്ഷണ കൺവൻഷൻ ഉദ്‌ഘാടനം ചെയ്‌തത്‌ വി എസ്‌ ആയിരുന്നു. 1983 ൽ നെടുമുടിയിൽ ആദ്യസമരം നടന്നു. വയലിൽ കൂനകൂട്ടി തെങ്ങ്‌ വയ്‌ക്കാനുള്ള ശ്രമം കെഎസ്‌കെടിയുവിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളികൾ തടഞ്ഞു. കൂനകൾ നികത്തി വീണ്ടും പാടശേഖരമാക്കി. ഇതോടെ കുട്ടനാടൻ മേഖലയിൽ പാടം നികത്തലിന്‌ താൽക്കാലിക വിരാമമായി. 1997 ലായിരുന്നു രണ്ടാംഘട്ട സമരം. ജൂലൈ അഞ്ചിന്‌ ചെങ്ങന്നൂരിലാണ്‌ നെൽവയൽ സംരക്ഷണ സമരം ആരംഭിച്ചത്‌. തുടർന്ന്‌ ആലപ്പുഴ ജില്ലയിലെ 48 കേന്ദ്രങ്ങളിൽ സമരം നടന്നു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറിയായിരുന്ന ഡി ലക്ഷ്‌മണന്‌ അടക്കം 23 പേർക്ക്‌ ലാത്തിച്ചാർജിൽ പരിക്കേറ്റു. ആഗസ്‌ത്‌ 25 ന്‌ മുഖ്യമന്ത്രി ഇ കെ നായനാർ തിരുവനന്തപുരത്ത്‌ വിളിച്ചുചേർത്ത യോഗത്തിലെ ധാരണപ്രകാരം സമരം താൽക്കാലികമായി നിർത്തി. തുടർന്ന്‌, നെൽക്കൃഷിയെപ്പറ്റി പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. ഇതിന്റെയെല്ലാം പരിണിതഫലമായി നെല്ലിന്‌ സർക്കാർ താങ്ങുവില പ്രഖ്യാപിച്ചു. വി എസ്‌ മുഖ്യമന്ത്രിയായിരിക്കെ നെൽവയൽ സംരക്ഷണത്തിനായുള്ള നിയമ നടപടികൾക്ക്‌ പ്രാധാന്യം നൽകി. അങ്ങനെയാണ്‌ 2008 ൽ ‘കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം’ നടപ്പാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home