ad
Deshabhimani

ഗുണഭോക്‌താക്കൾ ആശങ്കയിൽ

ഇല്ലാതാക്കല്ലേ ലൈഫ്‌

 ലൈഫ്‌ പദ്ധതി
വെബ് ഡെസ്ക്

Published on May 25, 2026, 12:48 AM | 1 min read

ആലപ്പുഴ

പരസ്യചിത്രങ്ങളില്ലാതെ ബ്രാൻഡിങ്ങില്ലാതെ ആത്മാഭിമാനം ബലികൊടുക്കാതെ, സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയ ലൈഫ്‌ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ്‌ സർക്കാർ നീക്കത്തിൽ ജില്ലയിലെ ഗുണഭോക്താക്കൾ ആശങ്കയിൽ. എൽഡിഎഫ്‌ സർക്കാരിന്റെ അഭിമാന പദ്ധതിവഴി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനുമതി ലഭിച്ച്, വീടുപണി വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്നവരും പണി ആരംഭിക്കാനിരിക്കുന്നതുമായ 8000 കുടുംബങ്ങളാണ്‌ പ്രതിസന്ധിയിലാകുന്നത്‌. കേന്ദ്രീകൃത ആസൂത്രണം നടപ്പാക്കുന്ന ലൈഫ്‌ മിഷനുൾപ്പെടെയുള്ള മുഴുവൻ പദ്ധതികളും നിർത്തലാക്കുമെന്നാണ്‌ മന്ത്രി കെ എം ഷാജി പറഞ്ഞത്‌. പദ്ധതി പൂർണമായി നിർത്തലാക്കി ഉത്തരവാദിത്വത്തിൽനിന്ന് പിന്മാറാനാണ്‌ സർക്കാർ ശ്രമം. ജില്ലയിൽ ഇതുവരെ 43,000ന്‌ അടുത്ത്‌ വീടാണ്‌ അനുവദിച്ചത്‌. ഇതിൽ 35,000ന്‌ അടുത്ത്‌ വീടുകൾ നിർമാണം പൂർത്തിയാക്കി. ആകെ ചെലവഴിച്ചത്‌ 1398 കോടിയിൽ അധികം രൂപയാണ്‌. 4500ന്‌ അടുത്ത്‌ അധികം വീടുകളുടെ നിർമാണം ആരംഭിക്കാനിരിക്കെയാണ്‌ സ്വപ്‌നങ്ങൾ തകർത്തെറിയുന്ന യുഡിഎഫ്‌ നിലപാട്‌. പദ്ധതിയില്ലാതായാൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്നവർ അടുത്ത ഗഡുക്കൾ ലഭ്യമാകാതെ പാതിവഴിയിൽ സ്‌തംഭിക്കുമോ എന്ന ഭീതിയിലാണ്‌. ഭവനനിർമാണത്തിന്റെ മുഴുവൻ ചുമതലയും തദ്ദേശസ്ഥാപനങ്ങൾക്ക് മാത്രം നൽകാനാണ് നിലവിലെ ശ്രമം. പുതിയ സംവിധാനമായാൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതും അവർക്കുള്ള തുക ധനസഹായമായി സമാഹരിക്കുന്നതും പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മാത്രം ഉത്തരവാദിത്വമായി മാറും. 
 സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഫണ്ടും കേന്ദ്രീകൃത മേൽനോട്ടവും ഇല്ലാതായാൽ ജില്ലയിലെ ഭവനപദ്ധതികൾ പൂർണമായി നിലയ്‌ക്കുമോയെന്ന ഭീതിയും ഗുണഭോക്താകൾക്കുണ്ട്‌. അന്തിമ ഗുണഭോക്തൃപട്ടികയിൽ ഇടംപിടിച്ച് അനുമതിക്കായി കാത്തിരിക്കുന്ന അപേക്ഷകരുടെയും പ്രതീക്ഷകൾ വഴിമുട്ടി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഏറ്റവും അർഹരായവർക്ക്‌ മുൻഗണന നൽകിയാണ്‌ വീടുകൾ അനുവദിച്ചത്‌. 
 ഭരണമാറ്റത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ തലചായ്‌ക്കാനുള്ള അവകാശമാണ്‌ സർക്കാർ ഇല്ലാതാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home