ad
Deshabhimani

മുഖ്യമന്ത്രിയെ വിസ്‌മരിച്ചു, വേണുഗോപാലിന്‌ പുകഴ്‌ത്തൽ

കോൺഗ്രസ് സ്വീകരണ 
പരിപാടിയിലും വിഭാഗീയത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 16, 2026, 12:26 AM | 1 min read

മലപ്പുറം

ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധികളുടെ സ്വീകരണ പരിപാടിയിലും മറനീക്കി വിഭാഗീയത. റവന്യു മന്ത്രിയും എംഎൽഎമാരും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ പുകഴ്‌ത്തിയപ്പോൾ മുഖ്യമന്ത്രി വി ഡി സതീശനെ കുറിച്ച്‌ മിണ്ടിയില്ല. കെ സി വേണുഗോപാലായിരുന്നു ഉദ്ഘാടകൻ. ഫാസിസ്‌റ്റ്‌ വിരുദ്ധ പോരാട്ടങ്ങളുടെ കുന്തമുനയെന്നും പാർലമെന്റിൽ മോദിക്ക്‌ ഭയമുള്ള ആൾ എന്നൊക്കെയുള്ള വിശേഷണങ്ങളാണ്‌ എംഎൽഎമാർ വേണുഗോപാലിന്‌ നൽകിയത്‌. പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ പ്രചാരണ ബോർഡുകളിലും വി ഡി സതീശനെ ഒഴിവാക്കി കെ സി വേണുഗോപാലിനും എ പി അനിൽകുമാറിനും അമിത പ്രാധാന്യം നൽകി.

തന്നെ "കെയർ' ചെയ്‌ത നേതാവ്‌ എന്നുപറഞ്ഞാണ്‌ ഡിസിസി പ്രസിഡന്റും എംഎൽഎയുമായ വി എസ്‌ ജോയ്‌ കെ സി വേണുഗോപാലിനെ പുകഴ്‌ത്തിയത്‌. തവനൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതിലും ഇടപെട്ടു. നിലന്പൂർ ഉപ തെരഞ്ഞെടുപ്പിനുശേഷം തവനൂരിൽ മത്സരിക്കുന്നതുവരെ തന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തിയെന്നും ജോയ്‌ പറഞ്ഞു.

നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമൊരുക്കിയത്‌ കെ സി വേണുഗോപാലാണ്‌ എന്നായിരുന്നു ആര്യാടൻ ഷ‍ൗക്കത്ത്‌ എംഎൽഎയുടെ വാക്കുകൾ. വി ഡി സതീശനെ പരാമർശിക്കാതിരുന്ന ഷ‍ൗക്കത്ത്‌ മന്ത്രി എ പി അനിൽകുമാറിനെയും എംഎൽഎമാരായ വി എസ്‌ ജോയിയെയും കെ പി ന‍ൗഷാദ്‌ അലിയെയും പ്രശംസിക്കാൻ സമയം കണ്ടെത്തി.

മന്ത്രി എ പി അനിൽകുമാറാകട്ടെ സർക്കാരിന്‌ പിന്തുണ വേണമെന്നും 2029– ൽ കേന്ദ്രത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വരാൻ പിന്തുണ വേണമെന്നും അഭ്യർഥിച്ച്‌ തടിതപ്പി. എന്നാൽ പൊന്നാനി എംഎൽഎ കെ പി ന‍ൗഷാദ്‌ അലി, കെ സി വേണുഗോപാലിനെ പരാമർശിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന്‌ കരുത്ത്‌ പകരാൻ എല്ലാവരും ഒത്തൊരുമിച്ച്‌ പോകണമെന്ന്‌ ആവശ്യപ്പെട്ടു. വി ഡി സതീശന്റെ കടുത്ത അനുയായിയാണ്‌ ന‍ൗഷാദ്‌ അലി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home