തൊഴിലിനെ കരാർ അടിമത്തമാക്കി ബിജെപി മാറ്റി: വി കെ സനോജ്


സ്വന്തം ലേഖകൻ
Published on Aug 16, 2026, 12:21 AM | 1 min read
തൃശൂർ
ബിജെപി സർക്കാർ തൊഴിൽ എന്നതിനെ കരാർ അടിമത്തമായി മാറ്റിയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. തൃശൂരിൽ സംഘടിപ്പിച്ച ‘യങ് ഇന്ത്യ കാന്പയിൻ’ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്‌മ പരിഹരിക്കാനായി രണ്ടു കോടി ഇന്റേൺഷിപ് നൽകുമെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. ഇന്റേൺഷിപ്പിലൂടെ മാസം 5000 രൂപയ്‌ക്ക് കുത്തകകൾക്ക് പണിയെടുക്കാൻ ആളുകളെ റിക്രൂട്ട് ചെയ്യുന്നതാണ് പരിപാടി. തൊഴിൽകോഡ് ഏറ്റവും കൂടുതൽ ബാധിച്ചത് യുവതലമുറയെയാണ്. ജീവനക്കാരെ പിരിച്ചുവിടാൻ നോട്ടീസ് പോലും കൊടുക്കേണ്ട ആവശ്യമില്ല. ഇതിലൂടെ തൊഴിൽ എന്ന സ്വപ്‌നം തന്നെ ഇല്ലാതാകുകയാണ്. അതേസമയം നിയമന നിരോധനത്തെ തുടർന്ന് റെയിൽവേ, ബാങ്കിങ്, കേന്ദ്ര സർക്കാരിനു കീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിയമനങ്ങൾ നടക്കുന്നില്ല. പലേടത്തും തസ്‌തികകൾ പോലും ഇല്ലാതാക്കുകയാണ്. വിദ്യാഭ്യാസ മേഖലയെ കച്ചവടവൽക്കരിച്ചുവെന്ന് വിദ്യാർഥികൾ തിരിച്ചറിഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഡൽഹിയിൽ കണ്ടത്. സംഘപരിവാറിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്നും രാജ്യത്തെ കാര്യങ്ങൾ ആർഎസ്‌എസ് തീരുമാനിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ രാജ്യത്തെ സമീപകാല അനുഭവം അങ്ങനെയല്ല. വർഗീയ– ഫാസിസ്റ്റ് ഭരണത്തെ മറികടക്കാൻ കഴിയുമെന്നാണ് രാജ്യത്തെ തെരുവുകൾ പറയുന്നത്. നിയമന നിരോധനം അവസാനിപ്പിക്കാനുള്ള പോരാട്ടമാണ് യുവജനത സംഘടിപ്പിക്കുന്നത്. അത് വിജയിക്കുമെന്നാണ് ഡൽഹിയിലെ സമരം തെളിയിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാനായി തെരുവിൽ ഇറങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും വി കെ സനോജ് പറഞ്ഞു.








0 comments