അവർ ഇനിയും പറക്കട്ടെ; ഉയരങ്ങളിലേക്ക്

വിമാനയാത്ര നടത്തിയ പുതിയകാവ് ജ്യോതിസ് സ്‌പെഷല്‍ സ്‌കൂൾ ആൻഡ് തെറാപ്പി സെന്ററിലെ കുട്ടികൾ
മാവേലിക്കര
ആകാശത്തിൽ പറക്കുന്ന വിമാനങ്ങളെ കൗതുകത്തോടെ നോക്കി തുള്ളിച്ചാടുമ്പോൾ കുരുന്നുകൾ കരുതിയില്ല മേഘങ്ങൾക്കിടയിലൂടെ ഒരു വിമാനയാത്ര അവർക്കും അതിവേഗം സാധ്യമാകുമെന്ന്. മാനസികവെല്ലുവിളികൾ നേരിടുന്ന മാവേലിക്കര പുതിയകാവ് ജ്യോതിസ് സ്‌പെഷൽ സ്‌കൂൾ ആൻഡ് തെറാപ്പി സെന്ററിലെ കുട്ടികൾക്കായി സംഘടിപ്പിച്ച വിമാനയാത്ര കരുതലിന്റെ നേർസാക്ഷ്യമായി. 20 കുട്ടികളാണ് ശനി രാവിലെ ഒമ്പതിന് കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിൽ പറന്നത്. ജാലകത്തിലൂടെ അവർ ആകാശക്കാഴ്ചകൾ ആസ്വദിച്ചു. രണ്ട് അധ്യാപകരും മൂന്ന് ജീവനക്കാരും ഒപ്പമുണ്ടായി. ഇൻഡിഗോ എയർലൈൻസ് ക്യാപ്റ്റൻ ജെ എം തോമസ് മാരാമൺ കൺവൻഷന് എത്തിയപ്പോൾ ജ്യോതിസ് സ്കൂൾ ഡയറക്ടർ റവ. വിനോദ് ഈശോയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കുട്ടികളുടെ സ്‌റ്റാൾ സന്ദർശിച്ചിരുന്നു. വിമാനത്തിൽ കയറ്റുമോയെന്ന കുട്ടികളുടെ നിഷ്‌കളങ്ക ചോദ്യം തോമസിന്റെ ഹൃദയത്തിൽ തൊട്ടു. ഇൻഡിഗോ എയർലൈൻസിന്റെ സഹകരണത്തോടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു. സാമ്പത്തിക ചെലവുകളും അദ്ദേഹം ഏറ്റെടുത്തു. കൊച്ചി വിമാനത്താവളത്തിൽ കേക്ക് മുറിച്ച് ആഘോഷമായാണ് കുട്ടികളെ സ്വീകരിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിൽ പ്രത്യേക ബസ് സൗകര്യവും മറ്റ് സഹായങ്ങളും ഒരുക്കി. കൊച്ചി വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പ്രത്യേകമായി സുരക്ഷാ പരിശോധന ഏർപ്പെടുത്തി. തോമസിന്റ ഭാര്യ ബിന്ദുവും കുട്ടികൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ചു. രാവിലെ പത്തിന് തിരുവനന്തപുരത്ത് പറന്നിറങ്ങിയ കുട്ടികളെ സ്വീകരിക്കാൻ രക്ഷിതാക്കളും എത്തിയിരുന്നു. മാർത്തോമ സഭയുടെ കീഴിൽ 33 വർഷമായി പ്രവർത്തിക്കുന്ന ജ്യോതിസ് സ്‌പെഷ്യൽ സ്കൂളിന്റെ പ്രസിഡന്റ് ചെങ്ങന്നൂർ- മാവേലിക്കര ഭദ്രാസനാധിപൻ ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലീത്തയാണ്.










0 comments