മൂല്യനിർണയ ക്യാമ്പിൽനിന്ന് ഉത്തരക്കടലാസ് കാണാതായതായി പരാതി

തലശേരി തലശേരി എൻജിനിയറിങ് കോളേജിലെ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി (കെടിയു) മൂല്യനിർണയ ക്യാമ്പിൽനിന്ന് വിദ്യാർഥിയുടെ ഉത്തരക്കടലാസ് കാണാതായതായി പരാതി. മൂല്യനിർണയം നടത്തിയ അധ്യാപിക പി നിഷ നൽകിയ പരാതിയിൽ തലശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെടിയു രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനിയറിങ് വിദ്യാർഥിയുടെ പേപ്പറുകളിലൊന്നായ 'പവർ ഇലക്ട്രോണിക്‌സ് ഡ്രൈവ്' എന്ന വിഷയത്തിന്റെ ഉത്തരക്കടലാസാണ് കാണാതായത്. കഴിഞ്ഞ 11ന് പകൽ 1.30-നും 2.15-നും ഇടയിലാണ് സംഭവം. പരീക്ഷാ പേപ്പറുകൾ പരിശോധിക്കുന്നതിനിടെ അധ്യാപകർ ഉച്ചഭക്ഷണത്തിനായി പുറത്തുപോയിരുന്നു. തിരികെയെത്തി നോക്കിയപ്പോഴാണ് ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. യൂണിവേഴ്സിറ്റി ചട്ടപ്രകാരം മൂല്യനിർണയ ക്യാമ്പിനായി അനുവദിച്ച പ്രത്യേക മുറിയിലിരുന്ന് വേണം ഉത്തരക്കടലാസുകൾ പരിശോധിക്കാൻ. എന്നാൽ, കാണാതായ ഉത്തരക്കടലാസ് ഇതിന് തൊട്ടടുത്തുള്ള മറ്റൊരു മുറിയിലിരുന്നാണ് അധ്യാപിക പരിശോധിച്ചതെന്ന് കോളേജ് അധികൃതർ അറിയിച്ചു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.









0 comments