ഉച്ചക്കഞ്ഞിക്കും തീ...

കണ്ണൂർ മാർച്ചിൽ വേനലവധിക്ക് സ്‌കൂൾ അടക്കുന്പോൾ ഒരു കുറ്റി ഗാർഹികേതര ഗ്യാസിന് വില 1883 രൂപ, രണ്ടുമാസത്തിനുശേഷം തുറക്കുന്പോൾ അതേ കുറ്റിയുടെ വില 3113 രൂപ. എങ്ങനെ സ്‌കൂളുകളിൽ ഉച്ചഭക്ഷണപദ്ധതിക്കുള്ള അടുപ്പ് പുകയുമെന്ന് തലപുകഞ്ഞാലോചിച്ച് കുഴങ്ങുകയാണ് ചുമതലയുള്ള അധ്യാപകർ. 1271 കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്ന മയ്യിൽ ഐഎംഎൻഎസ്‌ഡിഎച്ച്‌എസ്‌എസിൽ ഒരാഴ്‌ച കുറഞ്ഞത് അഞ്ച് പാചകവാതക സിലിണ്ടറുകൾ വേണം. അതിനുമാത്രം വരുന്ന ചെലവ് 15,565 രൂപ. കഴിഞ്ഞ വർഷം ജൂണിൽ ഒരാഴ്‌ചയിലെ അഞ്ചുപ്രവൃത്തി ദിവസം ഉച്ചഭക്ഷണ ചെലവിനത്തിൽ പാചവാതകത്തിനുമാത്രം 8780 രൂപയായിരുന്നുവെങ്കിൽ സ്‌കൂൾ തുറന്ന് രണ്ടാഴ്‌ച പിന്നിടുന്പോൾ കഴിഞ്ഞ അഞ്ചുദിവസം വേണ്ടിവന്നത് 16,250രൂപ. വർധന ഏതാണ്ട് 50 ശതമാനത്തിനടുത്ത്, 7470 രൂപ. ഇതിനൊപ്പം പച്ചക്കറികളുൾപ്പെടെയുള്ള ചെലവ് കൂടി ചേർക്കുന്പോൾ അത് വീണ്ടും കൂടും. വലിയ സ്‌കൂളുകൾക്ക് 19 കിലോയുടെ സിലിണ്ടറാണ് ഉപയോഗിക്കുന്നതെങ്കിൽ കുറച്ച് കുട്ടികൾ മാത്രമുള്ള സ്‌കൂളുകളിലേക്ക് ഗാർഹിക കണക്‌ഷനിൽ 14.2 കിലോയുടെ സലിണ്ടറാണ് നൽകിയിരുന്നത്. ഇതിനും വലിയ വിലവർധനയാണ്. കഴിഞ്ഞ മാർച്ചിൽ സ്‌കൂളടക്കുന്പോൾ 935 രൂപയുണ്ടായിരുന്നു സലിണ്ടറിന് ജൂണിൽ നൽകേണ്ടിവന്നത് 962 രൂപയാണ്. ഇത് ഏജൻസിയിൽനിന്ന് എടുക്കുന്പോൾ അവരുടെ വിതരണചെലവടക്കം 1010മുതൽ 1050വരെയാകുന്നുണ്ട്. പാചകവാതക പ്രതിസന്ധിയും വല്ലാതെ അലട്ടുന്നുണ്ട്. തളിപ്പറന്പ് നോർത്ത് സബ്‌ജില്ലാ പരിധിയിലെ സ്‌കൂളിൽ ഗാർഹിക ഗ്യാസ് സിലിണ്ടർ കിട്ടാത്തതിനെ തുടർന്ന് ചുമതലയുള്ള അധ്യാപകൻ, വീട്ടിലെ സിലിണ്ടർ കൊണ്ടുവന്നാണ് ഉച്ചഭക്ഷണം മുടങ്ങാതെ നോക്കിയത്. ചെറിയ സ്‌കൂളിന് പ്രതിസന്ധി ഇരട്ടി ആയിരത്തിനടുത്ത് കുട്ടികളുള്ള സ്‌കൂളിനെക്കാൾ വലിയ പ്രതിസന്ധിയാണ് കുട്ടികൾ കുറവുള്ള സ്‌കൂളുകൾ നേരിടുന്നത്. അത്‌തന്നെ നൂറിൽ താഴെ കുട്ടികളുള്ള സ്‌കൂളാണെങ്കിൽ എല്ലാകാര്യത്തിലും ബാധ്യത ഇരട്ടിക്കുമെന്ന് 53 കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്ന ചവനപ്പുഴ എൽപി സ്‌കൂളിലെ പ്രധാനാധ്യാപകൻ എം എം ജനാർദനൻ പറഞ്ഞു. ഗ്യാസ് ബുക്ക് ചെയ്‌തിട്ട് രണ്ടാഴ്‌ചയായിട്ടും കിട്ടാത്ത അവസ്ഥയാണ്. സോളാർ വാട്ടർ ഹീറ്റർ ഉള്ളതിനാൽ വെള്ളം ചൂടാക്കാനുൾപ്പെടെ മറ്റ് പാചകാവശ്യത്തിനും അതുപയോഗിക്കുന്നു. അതിനാൽ മാത്രമാണ് ഉച്ചഭക്ഷണ വിതരണം സാധ്യമാകുന്നതെന്നും 56 കുട്ടികൾക്ക് ഭക്ഷണമൊരുക്കുന്ന പനക്കാട് ഗവ. എൽപി സ്‌കൂൾ പ്രധാനാധ്യാപിക ആശ പറഞ്ഞു. 597 കുട്ടികൾ പഠിക്കുന്ന ഇരിങ്ങൽ യുപി സ്‌കൂളിൽ മാസത്തിൽ ശരാശരി എട്ടുവരെ സിലിണ്ടർ ഉപയോഗിക്കുന്നുണ്ട്. പാചകവാതക ക്ഷാമം രൂക്ഷമായതും വിലക്കയറ്റവും കനത്ത പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് അധ്യാപകനായ ഇ കെ രമേശൻ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ 875 രൂപയായിരുന്ന കുറ്റിക്ക് ജൂണിൽ നൽകിയത് 962 രൂപയാണെന്ന് അധ്യാപികയായ കെ കെ സജ്‌ന പറഞ്ഞു. മാസത്തിലൊരു തവണ ബിരിയാണിയും നൽകാറുണ്ട്. ഒരു മാസം എന്തായാലും രണ്ട് സിലിണ്ടർ വേണം. ഇനിയും വില വർധിച്ചാൽ എന്തുചെയ്യുമെന്നറിയില്ലെന്ന് അവർ പറഞ്ഞു. ബിരിയാണി അരിയും വാങ്ങണം ചോറിനുള്ള അരിയിൽ തന്നെ ബിരിയാണി വയ്‌ക്കണമെന്നാണ് സർക്കാർ നിർദേശമെങ്കിലും കുട്ടികൾക്ക് അത് ഇഷ്ടപ്പെടുന്നില്ല. കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കാൻ മികച്ച ഭക്ഷണവും വലിയ ഘടകമാണ്. എയ്‌ഡഡ് സ്‌കൂളുകൾ മാനേജർമാരുടെ സഹായത്തോടെ മികച്ച ഭക്ഷണം നൽകുന്പോൾ സർക്കാർ സ്‌കൂളുകളും അതിനോട് മത്സരിക്കേണ്ടിവരുന്നു. അതിനാൽ, പുറത്ത്‌നിന്ന് ബിരിയാണി അരി വാങ്ങിയാണ് പല സ്‌കൂളും ബിരിയാണി നൽകുന്നത്. കിലോയ്‌ക്ക് നൂറുരൂപ വിലയുള്ള അരി വാങ്ങാനുള്ള പണവും പുറത്ത്‌നിന്ന് കണ്ടെത്തണം. ഇതും പ്രതിസന്ധിയാണെന്ന് അധ്യാപകർ പറയുന്നു. താളംതെറ്റുന്ന സ്‌കൂൾ ബജറ്റ് ഇന്ധനവില വർധനയിൽ വിലക്കയറ്റം അതിരുവിടുന്പോൾ പാചകവാതക വിലവർധന കൂടി ചേർന്നതോടെ മിക്ക സ്‌കൂളുകളുടെയും ഉച്ചഭക്ഷണ വിതരണ ബജറ്റ് പാടെ താളംതെറ്റുന്ന അവസ്ഥയാണെന്ന് കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി കെ സി സുനിൽ പറഞ്ഞു. നേരത്തെ സ്‌കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാമായിരുന്നുവെങ്കിലും മുൻ ഉത്തരവ് പ്രകാരം കിച്ചൻ കം സ്‌റ്റോർ സംവിധാനം നടപ്പാക്കി. ഇതോടെ വിറകടുപ്പുകൾ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. പാചകവാതക പ്രതിസന്ധി രൂക്ഷമായപ്പോൾ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പക്ഷേ, ഭൂരിഭാഗം സ്‌കൂളുകളിലും വിറകടുപ്പ് മുൻ ഉത്തരവ് പ്രകാരം പാടേ പൊളിച്ചുനീക്കീയത് വെല്ലുവിളിയായി. ഇനിയത് നിർമിക്കലും പ്രായോഗികമല്ലെന്നും വലിയ വിലകൊടുത്ത് ഗ്യാസിനെ ആശ്രയിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. സാധ്യമോ പുതുക്കിയ മെനു ? 2025 ആഗസ്‌ത് ഒന്നുമുതലാണ് പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു സ്‌കൂളുകളിൽ നടപ്പാക്കിയത്. ഇവ സ്‌കൂളിലെ രുചി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും വേണം. വിഭവസമൃദ്ധമായ ഭക്ഷണമാണ് ഇതനുസരിച്ച് ലഭിക്കുക. ആഴ്‌ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി, റ്റൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവ തയ്യാറാക്കണം. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസ് മെനുവിൽ ഉൾപ്പെടുത്തണം. നാടൻ പച്ചക്കറികൾ നൽകാനും നിർദേശമുണ്ട്.









0 comments