തൊഴിലവകാശങ്ങൾ ഹനിക്കൽ: ലേബർ കോഡ് കത്തിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ എഫ്എസ്ഇടിഒ കലക്-ടറേറ്റിന് മുന്നിൽ ലേബർ കോഡ് വിജ്ഞാപനം കത്തിച്ച് പ്രതിഷേധിക്കുന്നു
ആലപ്പുഴ
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും മിനിമം വേതനം നിയമപരമാക്കുന്നതും ഉൾപ്പെടെ തൊഴിലവകാശങ്ങൾ ഹനിക്കുന്ന ലേബർ കോഡുകളുടെ അന്തിമ ചട്ടങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്‌തതിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ലേബർ കോഡ് കത്തിച്ചു. ആലപ്പുഴയിൽ എൻജിഒ യൂണിയൻ ഹാളിന് മുന്നിൽനിന്ന് ആരംഭിച്ച പ്രകടനം കലക്‌ടറേറ്റിന് മുന്നിൽ അവസാനിച്ചു. തുടർന്ന് ചേർന്ന യോഗം എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്ഘാടനംചെയ്‌തു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം എം സിന്ധു അധ്യക്ഷയായി. എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ, കെജിഒഎ ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാജീവ് എന്നിവർ സംസാരിച്ചു.
മാവേലിക്കരയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്തും കാർത്തികപ്പള്ളിയിൽ ജില്ലാ ട്രഷറർ ടി കെ മധുപാലും കുട്ടനാട്ടിൽ ജില്ലാ കമ്മിറ്റിയംഗം അബ്‌ദുൾ മനാഫും ചെങ്ങന്നൂരിൽ കെജിഒഎ നേതാവ് എബി മാത്യുവും ചേർത്തലയിൽ എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി എൻ എസ് ശ്രീകുമാറും ഉദ്ഘാടനംചെയ്‌തു.










0 comments