ആംബുലൻസിന് പണമില്ല, വിട്ടുനൽകിയത് മാലിന്യം ശേഖരിക്കുന്ന വാഹനം: മധ്യപ്രദേശിൽ മൃതദേഹത്തോട് അനാദരം

ഭോപ്പാൽ: മധ്യപ്രദേശിൽ സ്ത്രീയുടെ മൃതദേഹം വീട്ടിലെത്തിച്ചത് നഗരസഭയുടെ മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ. ചത്തർപൂർ സ്വദേശി റുക്സാനയുടെ മൃതദേഹത്തോടാണ് സർക്കാർ ആശുപത്രി അധികൃതർ ആനാദരവ് കാട്ടിയത്. ജൂലൈ 4 മുതൽ റുക്സാനയെ കാണാതായിരുന്നു. ആഗസ്ത് 5ന് സൂരജ്പൂരിൽ മാലിന്യക്കൂമ്പാരത്തിൽ മരിച്ചനിലയിലയിലാണ് റുക്സാനയെ കണ്ടെത്തിയത്.
തുടർന്ന് പൊലീസ് ബഡാ മൽഹേര സിവിൽ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ കുടുംബം ആംബുലൻസിനായി കാത്തിരുന്നെങ്കിലും ലഭിച്ചില്ല. ആവശ്യപ്പെട്ടപ്പോൾ മാലിന്യം കയറ്റിപോകുന്ന വാഹനമാണ് വിട്ടുനൽകിയതെന്ന് റുക്സാനയുടെ ഭർത്താവ് ബാബലേഷ് അഹിർവാർ പറഞ്ഞു.
‘എല്ലാവരും അന്തസ്സ് അർഹിക്കുന്നു…’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന്റെ കൈവശം പണമില്ലാത്തതിനാലാണ് ആംബുലൻസിന് വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറാകാത്തതെന്നാണ് വിവരം. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഛത്തർപൂർ ഭരണകൂടം ഉത്തരവിട്ടു.









0 comments