വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം: ടി ജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിന് ആർഎസ്‌എസ് നേതാവ് ടി ജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജന്തർമന്തറിൽ സമരംചെയ്‌ത വിദ്യാർഥികളെ വെടിവച്ചുകൊല്ലണമെന്നും പെൺകുട്ടികൾ ബലാത്സംഗം ഇഷ്ടപ്പെടുന്നുവെന്നും പറഞ്ഞ ടി ജി മോഹൻദാസിനെതിരെ ജൂലൈ 29നാണ് പൊലീസ് കേസെടുത്തത്. കേസിൽ ചെറുവിരലനക്കാത്ത പൊലീസ് 11–ാംദിവസമാണ് മോഹൻദാസിനെ കസ്‌റ്റഡിയിലെടുക്കുന്നത്.
കലാപാഹ്വാനം, അധിക്ഷേപം, കംപ്യൂട്ടർ ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി തിരുവനന്തപുരം സിറ്റി സൈബർക്രൈം പൊലീസാണ് കേസെടുത്തത്. നടപടിയെടുക്കാത്തതിനെതിരെ വ്യാപക വിമർശവും പ്രതിഷേധവും ശക്തമായതോടെയാണ് അറസ്‌റ്റ്. മോഹൻദാസിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ 11 ഓടെ കോടതിയിൽ ഹാജരാക്കും.
ഞായർ വൈകിട്ട് അഞ്ചുമുതലാണ് ടി ജി മോഹൻദാസിന്റെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽ തിരുവനന്തപുരം സിറ്റി സൈബർക്രൈം പൊലീസ് പരിശോധന നടത്തിയത്. രണ്ടുമണിക്കൂറിലധികം ചോദ്യംചെയ്‌തശേഷം രാത്രി 7.50ഓടെ കരുവേലിപ്പടി താലൂക്കാശുപത്രിയിലേയ്‌ക്ക് വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോയി. ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങളും വീട്ടിൽനിന്ന് പിടിച്ചെടുത്തു. ലാപ്‌ടോപ്പും കാമറയും മൊബൈൽ ഫോണും കസ്‌റ്റഡിയിലെടുത്തതായാണ് സൂചന. വിശദ ചോദ്യംചെയ്യലിന് രാത്രി തിരുവനന്തപുരത്തേയ്‌ക്ക് കൊണ്ടുപോയി. തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കും. ടി ജി മോഹൻദാസ് സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് വിദ്വേഷ പരാമർശം നടത്തിയത്. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിലായിരുന്നു നടപടി. വിദ്വേഷ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വൻ പ്രതിഷേധമുയർന്നിരുന്നു.








0 comments