ad
Deshabhimani

സ്വാശ്രയ കോളേജുകൾക്കായി പ്രത്യേക സ്പോട്ട് അഡ്മിഷനുകൾ; വിദ്യാർഥികൾക്ക് സർക്കാർ ഫീസിൽ എൻജിനിയറിങ് പഠനം നിഷേധിച്ച് സർക്കാർ

spot admission

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Aug 10, 2026, 08:37 AM | 2 min read

തിരുവനന്തപുരം: ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സർക്കാർ ഫീസിൽ എൻജിനിയറിങ് പഠനത്തിനുള്ള അവസരം നിഷേധിച്ച് യുഡിഎഫ് സർക്കാർ. സ്വകാര്യ സ്വാശ്രയ മാനേജുമെന്റുകളെ സഹായിക്കുന്നതിനാണ് സർക്കാരിന്റെ പുതിയ നീക്കം. സർക്കാർ എൻജിനിയറിങ് കോളേജുകളിൽ എൻട്രൻസ് കമീഷണറുടെ അലോട്ട്മെന്റുകൾ കഴിഞ്ഞതിന് ശേഷം ബാക്കിയുള്ള സീറ്റുകളിൽ സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തുന്ന രീതിയാണ് നിലവിൽ പിൻതുടർന്നിരുന്നത്. എന്നാൽ സെൻട്രലൈസ്ഡ് അല്ലാതെ അതത് സർക്കാർ എൻജിനിയറിങ് കോളേജുകൾ പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ് സർക്കാർ ഫീസിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത്.


ഒന്നിലധികം കോളേജുകളിൽ ഒരേ ദിവസം സ്പോട്ട് അഡ്മിഷൻ നടക്കാറുണ്ടാകും. ഏതെങ്കിലും ഒന്നിൽ മാത്രമേ ഒരു വിദ്യാർഥിക്ക് പങ്കെടുക്കാൻ സാധിക്കു. മുൻപന്തിയിലുള്ള എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള സീറ്റിനേക്കാൾ വളരെയധികം വിദ്യാർഥികൾ സ്പോട്ട് അഡ്മിഷന് എത്തും. അതിൽ ഭൂരിപക്ഷം വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കാറില്ല. മറുവശത്ത് മറ്റ് സർക്കാർ എഞ്ചിനീയറിങ് കോളേജുകളിൽ ആവശ്യത്തിന് വിദ്യാർഥികൾ എത്തിച്ചേരാതെ പല സീറ്റുകളും ഒഴിഞ്ഞ് കിടക്കും.


എഐസിടി അനുവദിച്ച സമയപരിധിക്കുള്ളിൽ എല്ലാ കോളേജിലും ഇപ്രകാരം സ്പോട്ട് അഡ്മിഷൻ നടത്തും. അതിനാൽ പല സർക്കാർ എൻജിനിയറിങ് കോളേജുകളിലും നിരവധി സീറ്റുകൾ നികത്തപ്പെടാതെ കിടക്കും. അടുത്തടുത്ത ദിവസങ്ങളിലാണെങ്കിൽ പോലും എല്ലാ കോളേജിലും സ്പോട്ട് അഡ്മിഷന് എത്തിച്ചേരാൻ വിദ്യാർഥികൾക്ക് സാധിക്കില്ല. ഒരു കോളേജിലെ സ്പോട്ട് അഡ്മിഷൻ നടപടികൾ രാത്രി വൈകുവോളം നീളാറുണ്ട്. അതിനാൽ അടുത്ത ദിവസം ദൂരെ ജില്ലയിലുള്ള സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ സാധിക്കാതെ വരും.


ഇതിന് പരിഹാരമായാണ് സാങ്കേതികവിദ്യാഭ്യാസവകുപ്പ് അതിന്റെ കീഴിലുള്ള എല്ലാ സർക്കാർ എൻജിനിയറിങ് കോളേജിലേയ്ക്കും വേണ്ടി ഒരു കേന്ദ്രത്തിൽ വച്ച് സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തി വന്നിരുന്നത്. എൽഡിഎഫ് സർക്കാർ ഭരിച്ച പത്ത് വർഷവും സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷനാണ് നടന്നത്. ഇതുവഴി എല്ലാ സർക്കാർ എൻജിനിയറിങ് കോളേജുകളിലെയും മുഴുവൻ സീറ്റുകളിലും വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു.


എന്നാൽ, ഈ വർഷം സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തേണ്ടതില്ല എന്നാണ് ഉന്നതവിദ്യാഭ്യാസപകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സർക്കാർ എൻജിനിയറിങ് കോളേജുകളിലെ സീറ്റുകൾ ലഭിക്കാനുള്ള പല വിദ്യാർഥികളുടെയും അവസരം നഷ്ടപ്പെടും. ഇത്തരം വിദ്യാർത്തികൾ നിലവിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിവരാണ്. സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ വഴി സർക്കാർ എൻജിനിയറിങ് കോളേജുകളിൽ അവർക്ക് പ്രവേശനം ലഭിക്കുമ്പോൾ സർക്കാർ ഫീസിൽ എൻജിനിയറിങ് പഠനം സാധ്യമാകും.


മറുവശത്ത് സ്വാശ്രയ കോളേജുകളിൽ ഈ സിറ്റുകൾ ഒഴിഞ്ഞ് കിടക്കുകയും ചെയ്യും. കഴിഞ്ഞ വർഷം എൻട്രൻസ് കമീഷണർ നാല് അലോട്ട്മെന്റുകൾ നടത്തുകയും അതിന് ശേഷം സാങ്കേതികവിദ്യാഭ്യാസവകുപ്പ് സർക്കാർ എൻജിനിയറിങ് കോളേജുകളിലേയ്ക്കായി സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷൻ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം എൻട്രൻസ് കമീഷണർ മൂന്ന് അലോട്ട്മെന്റുകൾ മാത്രമാണ് നടത്തിയത്. നാലാമത്തെ അലോട്ട്മെന്റ് വഴി സ്വാശ്രയകോളേജുകളിൽ നിന്നും സർക്കാർ/സർക്കാർ എയിഡഡ് എൻജിനിയറിങ് കോളേജുകളിലേയ്ക്ക് മാറി പ്രവേശനം ലഭിച്ച് സർക്കാർ ഫീസിൽ പഠിക്കാനുള്ള ആയിരക്കണക്കിന് വിദ്യാർഥികളുടെ അവസരമാണ് ഇതുമൂലം നഷ്ടപ്പെട്ടത്.


ഇപ്പോൾ സെൻട്രലൈസ്ഡ് സ്പോട്ട് അഡ്മിഷനും നടത്തേണ്ടതില്ല എന്ന തീരമാനത്തോടുകൂടി ഇവർക്ക് സർക്കാർ ഫീസിൽ പഠിക്കാനുള്ള അവസരം പൂർണമായും നഷ്ടപ്പെട്ടു. സർക്കാർ എൻജിനയറിങ് കോളേജുകളിൽ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകൾ ചുണ്ടിക്കാട്ടി ഭാവിയിൽ കോഴ്സുകൾ വെട്ടിക്കുറയ്ക്കാനുള്ള ശ്രമം നടക്കുന്നതായും വിവരമുണ്ട്. സ്വകാര്യസ്വാശ്രയ കോളേജുകളെ സഹായിക്കാനുള്ള സർക്കാരിന്റെ വഴിവിട്ട നീക്കത്തിന് കടുത്ത വിമർശനമാണ് ഉയരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home