അസമിൽ പ്രളയക്കെടുതി രൂക്ഷം: 100 മരണം, ഒരു ലക്ഷത്തിലധികം ആളുകൾ ദുരിതത്തിൽ

Photo:NDTV
ഗുവാഹത്തി : അസമിൽ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുപേർ കൂടി മുങ്ങിമരിച്ചതോടെ മരണ സംഖ്യ 100 കടന്നു. ഗോലാഘട്ട്, കർബി ആംഗ്ലോങ് ജില്ലകളിലാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലായി 1,37,500-ലധികം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചു.
ചരായ്ഡിയോ, ദരംഗ്, ഗോലാഘട്ട്, ജോർഹട്ട്, കർബി ആംഗ്ലോങ്, നാഗാവ്, ശിവസാഗർ എന്നിവയാണ് ദുരിതബാധിത ജില്ലകൾ. ഇതിൽ 70,000-ത്തോളം ആളുകൾ ദുരിതത്തിലായ ഗോലാഘട്ടാണ് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത്. ശിവസാഗറിൽ 40,000ത്തിലേറെ പേരെയും ജോർഹട്ടിൽ 16,000ത്തിലധികം പേരെയും പ്രളയം ബാധിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 6 ജില്ലകളിലായി 125 റിലീഫ് ക്യാമ്പുകളും തുറന്നു. 49,061 പേരാണ് ഈ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുന്നത്.
456 ഗ്രാമങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. 11,933 ഹെക്ടറിലധികം കൃഷിഭൂമിയും തകർന്നു. റോഡുകൾ, പാലങ്ങൾ എന്നിവയ്ക്ക് കനത്ത നാശനഷ്ടമുണ്ടായി. ധൻസിരി, കുശിയാര എന്നീ നദികൾ പലയിടത്തും അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മനുഷ്യർക്ക് പുറമെ 43,000-ത്തിലധികം വളർത്തുമൃഗങ്ങളെയും പ്രളയം പ്രതികൂലമായി ബാധിച്ചു.









0 comments