ലേബർകോഡ് സ‍്ത്രീതൊഴിലാളികളോടുള്ള വെല്ലുവിളി

ആലപ്പുഴ
തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ നിയമങ്ങളെല്ലാം ഇല്ലാതാക്കുന്ന മോദി സർക്കാരിന്റെ പുതിയ ലേബർ കോഡ് സ്ത്രീതൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നിയമനിർമാണ സഭകളിൽ മതിയായ ചർച്ച നടത്താതെ കരിനിയമങ്ങൾ ഒളിച്ചുകടത്തി നടപ്പാക്കുകയാണ്. സുശീല ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘തൊഴില്‍ നിയമങ്ങളും സ്ത്രീകളും' സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. തൊഴിലാളികൾ സമരത്തിലൂടെ നേടിയെടുത്ത 29 തൊഴിൽ നിയമങ്ങളെ ദുർബലപ്പെടുത്താൻ നാല് കോഡുകളാക്കി തിരിച്ചു. കോർപറേറ്റുകൾക്ക് അമിത ലാഭമുണ്ടാക്കാനായി സ്ഥിരംതൊഴിലാളികളെ ഇല്ലാതാക്കുന്നു. സംഘടിത തൊഴിലാളികൾക്കും സ്കീം വർക്കർമാർക്കും മിനിമം കൂലിയില്ല. തൊഴിലാളികളുടെ ജനാധിപത്യവും മൗലികവുമായ അവകാശങ്ങളിൽ ചർച്ചകൾക്ക് അവസരമില്ല. ലേബർ ട്രിബ്യൂണൽ, ലേബർ ഇൻസ്‌ട്രക്ടർ തുടങ്ങിയ തൊഴിലാളി അനുകൂല സംവിധാനങ്ങൾ ഇല്ലാതാക്കി. പകരം ഫെസിലിറ്റേറ്റർമാരെ മുതലാളിമാർക്ക് അനുകൂലമായി നിയമിക്കാം. രാജ്യത്ത് സ്ത്രീ സമൂഹത്തിന് അനുവദിക്കപ്പെട്ട എല്ലാ നിയമങ്ങളെയും വെല്ലുവിളിക്കുന്ന തൊഴിലാളി വിരുദ്ധ കരിനിയമത്തിനെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ത്രീകൾ ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.










0 comments