Deshabhimani

കുട്ടനാട്ടിലേക്ക്‌ മടങ്ങിയെത്താൻ ഭൂമാഫിയ

വയലുകളും തണ്ണീർത്തടങ്ങളും തീറെഴുതുന്ന ‘സരൾ’

Satheesan
വെബ് ഡെസ്ക്

Published on Oct 31, 2026, 01:36 AM | 1 min read

ആലപ്പുഴ

പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തുനിന്നുള്ളവരുടെയും എതിർപ്പ് അവഗണിച്ച് നിയമസഭ സരൾ ബിൽ പാസാക്കിയതിനു പിന്നാലെ ഭൂമാഫിയ വീണ്ടുമെത്തുമെന്ന ആശങ്കയിൽ കുട്ടനാട്‌. 2000-ന്റെ തുടക്കത്തിൽ വ്യാപകമായിരുന്ന നിലംനികത്തൽ, നിയമനിർമാണത്തിലെ പുതിയ വ്യവസ്ഥകളുടെ മറപിടിച്ച് വീണ്ടും സജീവമാകുമെന്ന ആശങ്കയിലാണ്‌ ജനങ്ങൾ. ടൂറിസം, റിസോർട്ട്, വാണിജ്യ പദ്ധതികൾ എന്നിവയുടെ മറപിടിച്ച് ഭൂമാഫിയകൾ കുട്ടനാട്ടിലേക്ക് കടന്നുവരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമത്തിലെ നിയന്ത്രണങ്ങൾ ദുർബലപ്പെടുന്നതോടെ കൃഷിഭൂമിയിലേക്കുള്ള ഭൂമാഫിയയുടെ കടന്നുകയറ്റം എളുപ്പമാകും. പരിസ്ഥിതി പ്രാധാന്യമുള്ള കുട്ടനാടിനെ വൻകിട നിക്ഷേപകർക്ക് തുറന്നുകൊടുക്കാനുള്ള യുഡിഎഫ്‌ നീക്കങ്ങളുടെ തുടർച്ചയാണ്‌ സരളമായി നടപ്പിലാക്കുന്നത്‌. കുട്ടനാട്ടിലെ കർഷകരിൽ ബഹുഭൂരിപക്ഷവും വലിയ തോതിൽ ഭൂമി പാട്ടത്തിനെടുത്താണ് നെൽകൃഷി നടത്തുന്നത്. കൃഷിയിൽനിന്നുള്ള വരുമാനത്തേക്കാൾ കൂടുതൽ ആദായം ലഭിക്കുന്ന മറ്റ് മേഖലകൾക്കായി ഭൂമി ഉപയോഗിക്കാനുള്ള സാഹചര്യമുണ്ടായാൽ പാട്ടക്കൃഷിയും നെൽകൃഷിയും പ്രതിസന്ധിയിലാകും. ഭൂമിയുടെ ഉപയോഗത്തിൽ മാറ്റമുണ്ടാകുന്നത് കുട്ടനാടിന്റെ സമ്പദ്‌വ്യവസ്ഥയെയും ജീവിതത്തെയും ബാധിക്കും. സ്വാഭാവിക ജലസംഭരണിയായി പ്രവർത്തിക്കുന്ന കുട്ടനാട്ടിലെ നെൽവയലുകളുടെയും തണ്ണീർത്തടങ്ങളുടെയും വിസ്‌തൃതി കുറയുന്നത് പ്രളയഭീഷണി വർധിപ്പിക്കും. വർഷത്തിൽ രണ്ടും മൂന്നും തവണ വെള്ളപ്പൊക്കത്തെ നേരിടുന്ന കുട്ടനാട്ടിലെ പാടശേഖരങ്ങളും തണ്ണീർത്തടങ്ങളും അധികജലം സംഭരിക്കുന്നതിലും ഒഴുക്കിക്കളയുന്നതിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. വിസ്തൃതി കുറയുന്നതോടെ വെള്ളക്കെട്ടിന്റെ ദൈർഘ്യവും തീവ്രതയും വർധിക്കാം. ഇത് കൃഷിയെയും വീടുകളെയും റോഡുകളെയും കുടിവെള്ള സ്രോതസ്സുകളെയും ബാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home