മന്ത്രി കെ ബി ഗണേഷ്‌കുമാർ പാതിരാമണൽ സന്ദർശിച്ചു

ഡെസേർട്ട്‌ സഫാരി മാതൃകയിൽ 
കുട്ടനാടൻ ബോട്ട്‌ സഫാരി വരുന്നു

"കുട്ടനാട് ബോട്ട് സഫാരി" പദ്ധതി വിലയിരുത്താൻ  മന്ത്രി കെ ബി ഗണേഷ-‍്കുമാർ മുഹമ്മ പഞ്ചായത്തിലെ 
പാതിരാമണൽ ദ്വീപ് സന്ദർശിക്കുന്നു.  ജലഗതാഗത വകുപ്പ് ഡയറക-്ടർ ഷാജി വി നായർ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ-്ന ഷാബു എന്നിവർ സമീപം

"കുട്ടനാട് ബോട്ട് സഫാരി" പദ്ധതി വിലയിരുത്താൻ മന്ത്രി കെ ബി ഗണേഷ-‍്കുമാർ മുഹമ്മ പഞ്ചായത്തിലെ 
പാതിരാമണൽ ദ്വീപ് സന്ദർശിക്കുന്നു. ജലഗതാഗത വകുപ്പ് ഡയറക-്ടർ ഷാജി വി നായർ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ-്ന ഷാബു എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Jul 09, 2025, 12:11 AM | 2 min read

ആലപ്പുഴ
ഗൾഫ്‌ രാജ്യങ്ങളിൽ വിനോദ സഞ്ചാരമേഖലയിൽ കുതിപ്പുണ്ടാക്കിയ അറേബ്യൻ ഡെസേർട്ട്‌ സഫാരി മാതൃകയിൽ ആലപ്പുഴയിൽ കുട്ടനാടൻ ബോട്ട്‌ സഫാരി വരുന്നു. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ബജറ്റ് ടൂറിസം യാത്ര പദ്ധതിയുടെ ഭാഗമായും മുഹമ്മ പഞ്ചായത്തുമായി ചേർന്നുമാണ്‌ സഫാരി. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പാതിരാമണൽ ദ്വീപ് സന്ദർശിച്ചു. ദ്വീപിൽ സഞ്ചാരികൾക്കായി വിവിധ കലാപരിപാടികളും പ്രദർശനങ്ങളും ഉൾപ്പെടുത്തും. പുല്ലും മുളയുംകൊണ്ട് ആംഫി തിയറ്റർ പൂർത്തിയാക്കും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സ്‌പോൺസർഷിപ്പോടെയാണിത്. വരുംദിവസങ്ങളിൽ ഫണ്ട്‌ അനുവദിക്കും. ഓണക്കാലത്തോടെ പദ്ധതി ആരംഭിക്കാനാണ് ശ്രമം. ജലഗതാഗതവകുപ്പിന്റെ പുതിയ ‘സൗര- 1’ സൗരോർജ യാത്രാബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. ഒരേസമയം 30 പേർക്ക് സഞ്ചരിക്കാനാകും. കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ച് പാക്കേജ് ടൂറിസവും ലക്ഷ്യമിട്ടിട്ടുണ്ട്. ദിവസവും രാവിലെ 10-ന് ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്ന്‌ ആരംഭിക്കുന്ന സഞ്ചാരം വൈകിട്ട് അഞ്ചോടെ മടങ്ങിയെത്തും. ബോട്ട് സഫാരിയിൽ കുട്ടനാടിന്റെ പ്രത്യേകതകൾ വീഡിയോയിലൂടെ അവതരിപ്പിക്കും. നെഹ്റുട്രോഫി പവിലിയന് സമീപത്തുകൂടെ അഴീക്കൽ കനാലിലൂടെയാകും സഞ്ചാരം. ഇവിടെ തനിനാടൻ കടകളിൽ പ്രഭാതഭക്ഷണം ഒരുക്കും. ഓല മെടയുന്നതും കയർ പിരിക്കുന്നതും കാണാം, പരീക്ഷിക്കാം. ചിത്രകാരൻമാർ തത്സമയം സഞ്ചാരികളുടെ ചിത്രങ്ങളും വരച്ചുനൽകും. വിവിധ കരകൗശലവസ്‌തുക്കൾ വാങ്ങാൻ സൗകര്യമുണ്ടാകും. സി ബ്ലോക്കിലെത്തുമ്പോൾ സഞ്ചാരികൾക്ക് ചുണ്ടൻവള്ളത്തെ അടുത്തറിയാം. ഉച്ചഭക്ഷണം ആർ ബ്ലോക്കിലേക്കുള്ള യാത്രയിൽ കള്ളുഷാപ്പിലാകും. സഞ്ചാരികൾക്ക് സ്വന്തംനിലയിൽ കള്ള് ഉൾപ്പെടെ ഇഷ്‌ടമുള്ള ഭക്ഷണം കഴിക്കാം. ശേഷം പാതിരാമണലിലേക്ക് പോകും. വേലകളി, കുത്തിയോട്ടം, വില്ലടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും പാരമ്പര്യവുമെല്ലാം അടുത്തറിയാം. പാതിരാമണലിലെ ആംഫി തിയറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ പ്രദർശിപ്പിക്കും. നാട്ടിൻപുറങ്ങളിൽ സജീവമായിരുന്ന നാടൻ കലാരൂപങ്ങളും അവതരിപ്പിക്കും. ദിവസേന പലതാകും അവതരിപ്പിക്കുക. ആലപ്പുഴയിലേക്കുള്ള മടക്കയാത്രയിൽ കക്ക നീറ്റുന്നത് കാണാം. കേരളത്തിന്റെ പരമ്പരാഗത കലകളെക്കുറിച്ച് ബോട്ടിൽ വിശദീകരിക്കും. അതിനിടെ ചെറിയ വള്ളങ്ങളിലുള്ള കടകളിൽനിന്ന് സഞ്ചാരികൾക്ക് ആവശ്യമായ തനതുവസ്‌തുക്കൾ വാങ്ങാൻ അവസരമുണ്ടാകും. കുട്ടനാടൻ ബോട്ട്‌ സഫാരി പദ്ധതി അടുത്ത നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണെന്ന്‌ മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. ജലഗതാഗതവകുപ്പ് ഡയറക്‌ടർ ഷാജി വി നായർ, മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു, വൈസ്‌പ്രസിഡന്റ് എൻ ടി റെജി, സ്ഥിരംസമിതി അധ്യക്ഷരായ നസീമ, സി ഡി വിശ്വനാഥൻ, വാർഡംഗങ്ങളായ വി വിഷ്‌ണു, കെ എസ് ദാമോദരൻ, ലൈല ഷാജി, കുഞ്ഞുമോൾ ഷാനവാസ്, നിഷ പ്രദീപ്, ടി സി മഹീധരൻ, വിനോമ്മ രാജു, പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരൻ വിവിധ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home